മത്സ്യത്തൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Posted on: April 4, 2015 12:12 pm | Last updated: April 4, 2015 at 12:12 pm

പരപ്പനങ്ങാടി: കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മത്സ്യതൊഴിലാളി ഫെഡറേഷന്‍- എസ് ടി യു തിരൂരങ്ങാടി, വള്ളിക്കുന്ന് മണ്ഡലം. കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തില്‍ യഥേഷ്ടം മത്സ്യബന്ധനത്തിന് സംവിധാനമൊരുക്കുകയും സ്വന്തം നാട്ടുല്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയായിരുന്നു മാര്‍ച്ച്.
സ്വന്തം നാട്ടില്‍ മത്സ്യബന്ധനം നടത്താന്‍ പാസ്‌പോര്‍ട്ട് കൈയില്‍ കരുതണമെന്ന നിയമം അംഗീകരിക്കാനാവില്ലെന്നും ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ക്ക് പൊളിച്ചെഴുതണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. കെ കെ നഹ, കെ പി മുഹമ്മദ്, വി പി കോയഹാജി പ്രസംഗിച്ചു. എ പി കുഞ്ഞിമോന്‍, സത്താര്‍ ആനങ്ങാടി, എ പി ഇബ്‌റാഹീം മാര്‍ച്ചിന് നേതൃത്വം നല്‍കി.