കുറിച്ച്യര്‍മല എസ്റ്റേറ്റ് റോഡിന് ശാപമോഷമായില്ല; പ്രതിഷേധം ശക്തം

Posted on: April 4, 2015 11:39 am | Last updated: April 4, 2015 at 11:39 am

പൊഴുതന: പഞ്ചായത്ത് ഏറ്റെടുത്തിട്ടും കുറിച്ച്യര്‍മല എസ്‌റ്റേറ്റ് റോഡിന് ശാപമോഷമായില്ല. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ അറ്റകുറ്റപണി വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റേയും, കുറിച്യര്‍മല എസ്‌റ്റേറ്റിന്റേയും സ്ഥലങ്ങളിലുടെ കടന്നു പോകുന്ന റോഡ് കാലങ്ങളായി തകര്‍ച്ചയിലാണ്. റോഡിന്റെ നിര്‍മാണപ്രവൃത്തികള്‍ നടത്താന്‍ എസ്‌റ്റേറ്റ് മാനേജ്്‌മെന്റ്്്്് തയ്യറാകാത്തതിനാല്‍ മൂന്ന് കിലോമീറ്റര്‍ വരുന്ന ഭാഗം മുഴുവനും ടാറിങ് ഇളകി തകര്‍ന്ന് കിടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡിന്റ മെറ്റലുകളും ചീളുകളും ഇളകിയത് കാരണം ഇരുചക്രവാഹനങ്ങളടക്കമുള്ളവക്ക് സഞ്ചരിക്കാന്‍ കഴിയാത്തവസ്ഥയാണ്. തോട്ടം തൊഴിലാളികളും ആദിവാസികളുമടക്കം നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശം കൂടിയാണിത്. മഴക്കാലം തുടങ്ങിയാല്‍ യാത്രക്കാര്‍ക്ക് ഇതിലൂടെയുള്ള യാത്ര ദുരിതമാണ്. കഴിഞ്ഞ എതാനും മാസങ്ങള്‍ക്ക് മുമ്പ് റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കുറിച്ച്യര്‍മല, കറുവന്‍ത്തോട്, വേങ്ങത്തോട്, പ്രദേശവാസികളും സംയുക്ത ഓട്ടോ തൊഴിലാളികളും റോഡ്്്് തടയല്‍ സമരം നടത്തിയിരുന്നു.സമരത്തിന്റെ ഭാഗമായി എസ്‌റ്റേറ്റ് മാനേജ്‌മെന്റ റോഡ് പഞ്ചായത്തിന് വിട്ടു നല്‍കിയിരുന്നു. അറ്റകുറ്റപണികള്‍ ഉടന്‍ നടത്തുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചായത്തിന്റെ ഉറപ്പ് ജലരേഖയായി. പൊഴുതന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ കൂടി കടന്ന് പോകുന്ന റോഡ് ഗതാഗത യോഗ്യമാക്കുന്നതിന്് പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം..