കെജ്‌രിവാളിന് പ്രശാന്ത് ഭൂഷണിന്റെ തുറന്ന കത്ത്; ദൈവം താങ്കള്‍ക്ക് മാപ്പ് നല്‍കില്ല

Posted on: April 4, 2015 10:20 am | Last updated: April 5, 2015 at 11:18 am

aap-rift-kejriwal-bhushan_ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന് ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷണിന്റെ തുറന്ന കത്ത്. കെജ്‌രിവാളിന് ദൈവവും ചരിത്രവും മാപ്പ് കൊടുക്കില്ലെന്ന് കത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറയുന്നു. കെജ്‌രിവാളും കൂട്ടാളികളും ആം ആദ്മി പാര്‍ട്ടിയെ മേധാവിയുടെ ആജ്ഞക്കനുസരിച്ച് നീങ്ങുന്ന പാര്‍ട്ടിയായും ഹൈക്കമാന്‍ഡ് സംസ്‌കാരമുള്ള പാര്‍ട്ടിയായും മാറ്റിയെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. എന്‍ ഡി ടി വിക്ക് കൈമാറിയ കത്തില്‍ രൂക്ഷമായ വിമര്‍ശമാണ് ഭൂഷണ്‍ ഉന്നയിക്കുന്നത്. നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്തായ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണിനും കെജ്‌രിവാള്‍ പക്ഷക്കാരമായ നേതാവ് അശുതോഷ് തുറന്ന കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് പ്രശാന്തിന്റെ കത്ത്.

ഹൈക്കമാന്‍ഡ് രീതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. ഇത് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. തന്നെയും യോഗേന്ദ്ര യാദവിനെയും നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയതും ആം ആദ്മി ലോക്പാല്‍ എല്‍ രാംദാസിനെ മാറ്റിയതും പാര്‍ട്ടി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. റഷ്യയില്‍ സ്റ്റാലിന്‍ എതിരാളികളെ പുറത്താക്കിയതുപോലെയാണിതെന്നും പ്രശാന്ത് ഭൂഷണ്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.
‘താങ്കള്‍ ഓര്‍വെല്ലിന്റെ ആനിമല്‍ ഫാം എന്ന കൃതി വായിക്കണം. റഷ്യയില്‍ ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്നതും ആം ആദ്ദമി പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയും തമ്മിലുള്ള സാദൃശ്യം മനസ്സിലാക്കാന്‍ ഈ പുസ്തക വായന ഉപകരിക്കും. പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന അരുതായ്മകള്‍ക്ക് ചരിത്രവും ദൈവവും മാപ്പ് തരില്ല. നല്ല നിലപാടുകളുമായി രൂപവത്കരിക്കപ്പെട്ട പാര്‍ട്ടി ഇന്ന് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. ഡല്‍ഹിയില്‍ കരഗതമായ ഭരണം കൊണ്ട് എല്ലാ കുറവുകളും പരിഹരിക്കാമെന്നാണ് താങ്കള്‍ കരുതുന്നത്. എന്നാല്‍ ഇത് ബി ജെ പിയും തോണ്‍ഗ്രസുമെല്ലാം ചെയ്യുന്നതാണെന്ന് അങ്ങ് മനസ്സിലാക്കണം’ – കത്തില്‍ പറയുന്നു. എന്നാല്‍ ഇത്ര ചെറിയ കാര്യമല്ല ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. വലിയ സ്വപ്‌നങ്ങളാണ് അതിനുള്ളത്. രാഷ്ട്രീയത്തെ ശുദ്ധീകരിക്കുകയും അഴിമതി അവസാനിപ്പിക്കുകയുമാണ് അതെന്ന് കത്തില്‍ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ പാര്‍ട്ടി അവസാനിച്ചെന്നാണ് കെജ്‌രിവാള്‍ കരുതിയത്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കെജ്‌രിവാള്‍ ശ്രമിച്ചത്. ഇതാണ് ആം ആദ്മി പാര്‍ട്ടിയിലെ ഭിന്നതക്കുള്ള പ്രധാന കാരണമെന്നും ഭൂഷണ്‍ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കെജ്‌രിവാളും പ്രശാന്ത് ഭൂഷണും തമ്മിലുണ്ടായ തര്‍ക്കങ്ങളിലേക്കും കത്ത് വെളിച്ചം വീശുന്നുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയുടെ രണ്ടാമത്തെ യോഗത്തില്‍, നേരത്തേ നിശ്ചയിച്ച ചില സ്ഥാനാര്‍ഥികളെക്കുറിച്ച് ഉയര്‍ന്ന് വന്ന പരാതികള്‍ ഞാന്‍ ചൂണ്ടിക്കാട്ടി. പക്ഷേ അങ്ങ് ദേഷ്യപ്പെടുകയാണ് ചെയ്തത്. മോശപ്പെട്ട വ്യക്തികളെ ഞങ്ങള്‍ സ്ഥാനാര്‍ഥിയാക്കുന്നുവെന്നാണോ നിങ്ങള്‍ ആരോപിക്കുന്നതെന്ന് ചോദിച്ച് താങ്കള്‍ തട്ടിക്കയറി. അന്ന് ഞാന്‍ ഇറങ്ങിപ്പോയി. സുതാര്യത ഇല്ലാത്തിടത്ത് റബ്ബര്‍ സ്റ്റാമ്പായി ഇരിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല- പ്രശാന്ത് ഭൂഷണ്‍ തുറന്നടിക്കുന്നു. ഇത്തരം സ്ഥാനാര്‍ഥികളെ നിര്‍ത്തി അധികാരം പിടിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.