സമഗ്ര ഇറാന്‍ ആണവ കരാര്‍ മൂന്ന് മാസത്തിനുള്ളില്‍

Posted on: April 4, 2015 4:53 am | Last updated: April 4, 2015 at 12:53 am

ജറൂസലം/ലൊസന്‍: ഇറാന്‍ ആണവ കരാര്‍ സംബന്ധിച്ച് നിര്‍ണായക വഴിത്തിരിവുണ്ടായതിന്റെ പശ്ചാത്തലത്തില്‍, ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. കരാറിനെ എതിര്‍ക്കുന്നതായി മന്ത്രിസഭ ഏകകണ്ഠമായി പ്രഖ്യാപിച്ചു. സുരക്ഷാ മന്ത്രാലയത്തിലെ മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗമാണ് നെതന്യാഹു വിളിച്ചുചേര്‍ത്തത്. ഇറാന്‍ ആണവ കരാര്‍ രാജ്യത്തിന് ഭീഷണിയാണെന്ന് നേരത്തേ തന്നെ ഇസ്‌റാഈല്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ ടെലിഫോ ണ്‍ സംഭാഷണത്തിലും നെതന്യാഹു ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ആണവ ബോംബ് ഉണ്ടാക്കുന്നതില്‍ നിന്ന് കരാര്‍ ഇറാനെ വിലക്കുന്നില്ലെന്നും അവരുടെ ആണവ നീക്കങ്ങള്‍ ഇസ്‌റാഈലിന്റെ നിലനില്‍പ്പിനെ ആശങ്കയിലാക്കുന്നുവെന്നും അദ്ദേഹം ഒബാമയോട് പറഞ്ഞിരുന്നു.
എന്നാല്‍, ഇത് കേവല രാഷ്ട്രീയത്തിനപ്പുറം യുദ്ധത്തിന്റെയും സമാധാനത്തിന്റെയും വിഷയമാണ് എന്നായിരുന്നു നെതന്യാഹുവിന്റെ ആശങ്കകളോട് ഒബാമ പ്രതികരിച്ചത്.
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്നുവന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇറാനും ലോകശക്തികളും കരട് ആണവ കരാറിന് രൂപം നല്‍കിയത്. ഇറാനും ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, യു എസ്, ജര്‍മനി എന്നീ ലോക ശക്തികളും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ നിര്‍ണായ വഴിത്തിരിവാണ് വ്യാഴാഴ്ച രാത്രി ഉണ്ടായിരിക്കുന്നത്. ചര്‍ച്ചകള്‍ക്കൊടുവില്‍ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍, കരാര്‍ കാര്യത്തില്‍ ‘നിര്‍ണായക ചുവടുവെപ്പ്’ ഉണ്ടായിരിക്കുന്നു എന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രി ഫെഡറിക്ക മൊഘേരിനി വ്യക്തമാക്കി. സംഭവത്തെ, ‘ഇറാനുമായുള്ള ചരിത്രപരമായ ധാരണ’ എന്ന് ഒബാമ വിശേഷിപ്പിച്ചപ്പോള്‍ ‘വിജയപൂര്‍ത്തീകരണം’ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവേദ് ശരീഫ് പിന്തുണച്ചു.
ആണവ കരാറില്‍ ഇറാനും ആറ് ലോക വന്‍ശക്തികളും ധാരണയിലെത്തിയെങ്കിലും സമഗ്ര കരാര്‍ ഒപ്പുവെക്കുന്നതിന് മൂന്ന് മാസം കൂടി വേണ്ടിവരും. അണവ കരാറിന്റെ കരട് ചട്ടക്കൂട് സംബന്ധിച്ച് മാത്രമാണ് ഇപ്പോഴത്തെ ചര്‍ച്ചയില്‍ ധാരണയിലെത്തിയിട്ടുള്ളത്. എട്ട് ദിവസമായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൊസനിലാണ് മാരത്തണ്‍ ചര്‍ച്ചകള്‍ നടന്നത്. ഇറാന്‍ നടത്തുന്ന ആണവ പരിപാടികളെ കുറിച്ചും ഇറാനുമേലുള്ള ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും സമാധാനപരമായ പരിഹാരം കണ്ടത്തെുകയായിരുന്നു ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവനയില്‍ യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കുന്നുണ്ട്. 2013 നവംബറില്‍ കൈക്കൊണ്ട തീരുമാന പ്രകാരമായിരുന്നു ലൊസനിലെ ചര്‍ച്ചകളെന്നും അവര്‍ വിശദീകരിക്കുന്നു. ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ അംഗീകാരത്തോടെയാകും സമഗ്ര കരാര്‍ നടപ്പിലാക്കുക.
ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണകളില്‍ പ്രധാനപ്പെട്ടത്: ഇറാനുമേല്‍ യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം പിന്‍വലിക്കും. ഇതിനു പകരമായി സമ്പുഷ്ടീകരണം കുറച്ച് ഇറാന്‍ ആണവ ശേഷി കുറക്കും. ഫോര്‍ദോ ആണവ നിലയത്തിന്റെ ശേഷി കുറച്ച് അതിനെ ആണവ ഈര്‍ജതന്ത്ര പഠന കേന്ദ്രമാക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് സാങ്കേതിക വിദ്യയും മറ്റും പരിശോധിക്കാനുള്ള അധികാരം നല്‍കും.