വാളായാര്‍ ചെക്ക് പോസ്റ്റിലെ സമരം ലോറി ഉടമകളുമായി തിങ്കളാഴ്ച മുഖ്യമന്ത്രി ചര്‍ച്ച നടത്തും

Posted on: April 4, 2015 5:49 am | Last updated: April 4, 2015 at 8:55 pm

തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റിലെ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും ധനമന്ത്രിയും ലോറി ഉടമാസംഘടനയെ വീണ്ടും ചര്‍ച്ചക്ക് ക്ഷണിച്ചു. ഈ സാഹചര്യത്തില്‍ ചെക്ക്‌പോസ്റ്റ് ബഹിഷ്‌കരണത്തില്‍ നിന്ന് പിന്തിരിയണമെന്ന് ധനമന്ത്രി കെ എം മാണി ലോറി ഉടമാസംഘടനയോട് അഭ്യര്‍ഥിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ക്ലിഫ്ഹൗസില്‍ യോഗം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് 25ന് പാലക്കാട്ട് ജില്ലാ കലക്ടറും വാണിജ്യ നികുതി കമ്മീഷണറും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. മാര്‍ച്ച് 31ന് ധനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിലും യോഗം വിളിച്ചു. രണ്ടിലും സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തില്ല. ജില്ലാ കലക്ടറും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ചര്‍ച്ചകളില്‍ പ്രശ്‌നപരിഹാരത്തിന് സഹായകമായ തീരുമാനങ്ങള്‍ എടുത്തിരുന്നു. കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനും നടപടി സ്വീകരിച്ചു. ഈ തീരുമാനങ്ങള്‍ സംഘടനാപ്രതിനിധികളെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാണിജ്യനികുതി കമ്മീഷണര്‍ എം ഗിരീഷ്‌കുമാര്‍, ജോയിന്റ് കമ്മീഷണര്‍ വീണാമാധവന്‍, പാലക്കാട് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, എ ഡി ജി പി ഡോ. എസ് ദര്‍വേഷ് സാഹിബ്, എക്‌സൈസ് കമ്മീഷണര്‍ അനില്‍ എക്‌സ്, അഡീഷനല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എസ് കോറി എന്നിവരും മോട്ടോര്‍ വെഹിക്കിള്‍, നാഷനല്‍ ഹൈവേ അതോറിറ്റി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ പത്ത് കൗണ്ടറുകള്‍ സ്ഥാപിക്കണമെന്നതായിരുന്നു സംഘടന ഉന്നയിച്ച പ്രധാന ആവശ്യം. ഇന്‍, ഔട്ട് ചെക്ക് പോസ്റ്റുകളിലായി 14 കൗണ്ടറുകള്‍ തുറക്കാന്‍ യോഗത്തില്‍ തീരുമാനമായി. വാഹനങ്ങളുടെ പാര്‍ക്കിംഗിനും അനുബന്ധസൗകര്യങ്ങള്‍ക്കുമായി 30 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. കോടതി അത് സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ നീക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. ഭൂമി വിട്ടുകിട്ടിയാലുടന്‍ സൗകര്യങ്ങള്‍ സജ്ജീകരിക്കും.
കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് പുതുശ്ശേരി ഗ്രാമപഞ്ചായത്തും ജില്ലാഭരണകൂടവും അടിയന്തരനടപടി സ്വീകരിക്കും. വാഹനത്തിരക്ക് കൂടുന്നതനുസരിച്ച് ആവശ്യമെങ്കില്‍ അധിക ജീവനക്കാരെ വിന്യസിക്കും. ഗ്രീന്‍ ചാനല്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കും. സ്‌കാനര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് വിശദമായ പഠനം നടന്നുവരികയാണ്. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് വെയ്-ബ്രിഡ്ജുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.