ഇറച്ചിക്കോഴിക്ക് വില കുത്തനെ കൂടി

Posted on: April 4, 2015 6:00 am | Last updated: April 3, 2015 at 11:53 pm

chicken farmപാലക്കാട്: ചരക്കുലോറി സമരം നീണ്ടതോടെ സംസ്ഥാനത്ത് ഇറച്ചികോഴിക്ക് വില കുത്തനെ കൂടി. ഈസ്റ്റര്‍ അടുത്തിരിക്കെ സമരം തുടരുന്നത് കൂടുതല്‍ വിലവര്‍ധനവിന് കാരണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. ലോറി സമരം ശക്തമായി തുടങ്ങിയതോടെ, ഇറച്ചികോഴിയുടെയും ബീഫിന്റെയുമെല്ലാം വരവ് കുറഞ്ഞതാണ് വിലവര്‍ധനവിന് കാരണമായിട്ടുള്ളത്. ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് കൂടുതല്‍ ഇറച്ചിക്കോഴിയും ബീഫുമെല്ലാം എത്തേണ്ട സമയമാണിത്. നടുപുണി ചെക്ക് പോസ്റ്റിലൂടെയാണ് സംസ്ഥാനത്തേക്ക് പ്രധാനമായും ഇറച്ചികോഴി കൊണ്ടുവരുന്നത്. എന്നാല്‍ വരവ് കുറഞ്ഞു തുടങ്ങിയതോടെ കഴിഞ്ഞദിവസം മുതല്‍ കോഴി കിലോക്ക് അഞ്ച് രൂപ മുതലും ബീഫിന് ഇരുപത് രൂപവരെയുമാണ് വിലവര്‍ധിച്ചിട്ടുള്ളത്.
ഒരു കിലോ കോഴി ക്ക് 95 രൂപ മുതല്‍105 രൂപ വരെയാണ് വില. ബീഫിനാകട്ടെ കിലോ ക്ക് 230 രൂപ മുതല്‍ 250 വരെ കൊടുക്കേണ്ടി വരുന്നു. സമരം നീണ്ടാല്‍ വില ഇനിയും വര്‍ധിക്കും. ഇതിന് പുറമെ തമിഴ്‌നാട്ടില്‍ ഇറച്ചികോഴി ഉത്പാദനം കുറഞ്ഞതും വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി ചരക്കുലോറികളുടെ വരവ് കുറഞ്ഞത് വ്യാപാര മേഖലയെ ബാധിച്ചു തുടങ്ങി.
ഇനിയും സമരം നീട്ടിക്കൊണ്ട് പോകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടി ക്കുമെന്ന് വ്യാപാരികള്‍പറയുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗ്യാസ് ടാങ്കറുകളും നിര്‍ത്തി വെച്ചിരിക്കുകായണ്. ഇതിന് പുറമെ സംസ്ഥാനത്തെ മറ്റു ചെക്ക് പോസ്റ്റുകളിലേക്കുകൂടി സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുക. ഇതിന് പുറമെ, പച്ചക്കറികളടക്കമുള്ളവക്ക് വില വര്‍ധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പച്ചക്കറിപഴവര്‍ഗ കര്‍ഷകരെ ലോറിസമരം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പച്ചക്കറി ഏറെനാള്‍ സൂക്ഷിച്ചുവെക്കാനാവാത്തതാണ് വലിയ പ്രശ്‌നം.