Connect with us

Gulf

സലാലയില്‍ ജോലിയും കൂലിയുമില്ലാതെ 20 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

സലാല; സലാലയിലെ ഇന്റസ്ട്രിയല്‍ ഏരിയയായ സനാഇയ്യയില്‍ ജോലിയും കൂലിയുമില്ലാതെ 20 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. വിമാനത്താവളത്തില്‍ ഫാബ്രികേഷന്‍ ജോലിയിലേര്‍പ്പെട്ടിരുന്ന മലയാളികളാണ് വിസ തീര്‍ന്നിട്ടും നാട്ടില്‍ പോകാനാകാതെ ദുരിതത്തിലായിരിക്കുന്നത്. മലയാളികള്‍ക്ക് പുറമെ ഏഴ് ആന്ധ്രപ്രദേശ് സ്വദേശികളും മൂന്ന് ഫിലിപ്പൈനികളും ഇവരില്‍ ഉള്‍പ്പെടും.

ഒരു മാസം മുമ്പാണ് ഇവരുടെ വിസാ കാലാവധി തീര്‍ന്നത്. എന്നാല്‍ വിസ പുതുക്കാനുള്ള നടപടികളോ മറ്റോ കമ്പനി അധികൃതര്‍ ചെയ്തിട്ടില്ലെന്നും മൂന്ന് മാസത്തോളമായി ശമ്പളം ഇല്ലാതെ തങ്ങള്‍ ദുരിതത്തിലാണെന്നും ഇവിടെ കുടുങ്ങിക്കിടക്കുന്ന വയനാട് മാനന്തവാടി സ്വദേശി ഡാന്റിസ് പറഞ്ഞു. തുച്ഛമായ ശമ്പളത്തിനായിരുന്നു ഇതുവരെ ജോലി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ലേബര്‍കാര്‍ഡിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന ആഗ്രഹമാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്. ലേബര്‍ കാര്‍ഡിന്റെ കാലാവധി തീര്‍ന്നതിനാല്‍ റൂമിന് പുറത്തിറങ്ങരുതെന്ന് കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് ജോലിക്ക് പോകാനും സാധിച്ചിട്ടില്ല. കിട്ടാനുള്ള ശമ്പളത്തിനായി കമ്പനിയില്‍ പോയെങ്കിലും കാര്യമുണ്ടായിട്ടില്ലെന്നും മോശമായ രീതിയിലാണ് ഇവര്‍ പെരുമാറിയതെന്നും ഡാന്റിസ് പറയുന്നു. പിന്നീട് ശമ്പളവും വിസയും ലഭിക്കാത്ത തൊഴിലാളികള്‍ സംഘടിച്ച് കമ്പനിയിലേക്ക് പോയതോടെ എല്ലാം ശരിയാക്കിത്തരാമെന്ന വാഗ്ധാനവും നല്‍കി മടക്കിയയക്കുയാണത്രെ ചെയ്തത്.
രണ്ട് വര്‍ഷത്തെ കരാറില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഈ കമ്പനിയിലെത്തുന്ന പല തൊഴിലാളികള്‍ക്കും സമാനമായ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. വിസ കഴിഞ്ഞ് മാസങ്ങളോളം കഷ്ടപ്പെടുത്തിയ ശേഷം തൊഴിലാളികളെ പിരിച്ചുവിടുകയാണ് തങ്ങളുടെ കമ്പനി ചെയ്യാറുള്ളതെന്നും കേരളത്തില്‍ നിന്ന് ഈ കമ്പനിയിലേക്ക് റിക്രൂട്ടിംഗ് നടത്തുന്നത് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രാവല്‍സാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
ഇപ്പോള്‍ സലാലയില്‍ കുടുങ്ങിക്കിടക്കുന്ന 20 മലയാളികളും ഒരൊറ്റ ട്രാവല്‍സിന്റെ കീഴിലാണ് ഒമാനിലെത്തിയത്. റിക്രൂട്ട്‌മെന്റിനായി വന്‍ തുകയും ഇവരില്‍ നിന്ന് കൈപ്പറ്റിയിരുന്നു. എന്നാല്‍ ട്രാവല്‍സുകാര്‍ പറഞ്ഞ ശമ്പളമോ സൗകര്യമോ തങ്ങള്‍ക്കിവിടെ ലഭിച്ചില്ലെന്നും ഡാന്റിസ് പറഞ്ഞു. വിസയും ശമ്പളവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും നാട്ടില്‍ പോകാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞ് ഇവര്‍ ട്രാവല്‍സ് ഉടമയെ ബന്ധപ്പെട്ടെങ്കിലും മോശമായ രീതിയിലാണ് അയാള്‍ പെരുമാറിയതത്രെ. എംബസിയുമായും മറ്റും ബന്ധപ്പെട്ടെങ്കിലും തങ്ങളുടെ കാര്യത്തില്‍ കാര്യമായ ഇടപെടലൊന്നും നടന്നിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.

Latest