കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ സഹകരണമേഖലയെ പ്രതിസന്ധിയിലാക്കുന്നു: കോടിയേരി

Posted on: April 3, 2015 11:20 am | Last updated: April 3, 2015 at 11:20 am

മേപ്പാടി: കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് മേഖലയില്‍ നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍ സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മേപ്പാടിയില്‍ കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ ഈവനിങ് എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണബാങ്കുകളുടെ ലാഭവിഹിതത്തില്‍ നിന്നും ഇന്‍കംടാക്‌സ് അടക്കണമെന്ന നിയമങ്ങള്‍ ഈ മേഖലയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കി. ഇത്തരം നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ കക്ഷിഭേദമന്യേ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറുന്നില്ല. ഇത്തരം നിയമങ്ങള്‍ക്കെതിരെ വന്‍ പ്രക്ഷോഭം ഉയര്‍ന്നുവരണം.
ജനങ്ങളുടെ വിശ്വാസ്യതയാണ് സഹകരണ മേഖലയുടെ കരുത്ത്. ഇത് കൂടുതല്‍ വിപുലപെടുത്താന്‍ ജീവനക്കാര്‍ ഉപഭോക്താക്കളുമായി മികച്ച സൗഹൃദം സ്ഥാപിക്കണം. തദ്ദേശീയമായി പരമാവധി നിക്ഷേപം ആര്‍ജിക്കാന്‍ സാധിക്കണം. മത്സരാധിഷ്ഠിത കാലഘട്ടത്തില്‍ സഹകരണ ബാങ്കിങ് മേഖലയും വൈവിധ്യവല്‍ക്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എം വി ശ്രേയസ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ ബി ബിബിന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപക പ്രസിഡന്റ് സി കെ ശശീന്ദ്രന്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി എ മുഹമ്മദ്, അഡ്വ. പി ചാത്തുക്കുട്ടി, ബി സുരേഷ്ബാബു, എം ഡി സെബാസ്റ്റിയന്‍, വിനോദ്, രാജു, കെ ജി സുനില്‍കുമാര്‍, പി കെ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എം ഭാസ്‌കരന്‍ സ്വാഗതവും, വൈസ്പ്രസിഡന്റ് യു വേണുഗോപാല്‍ നന്ദിയും പറഞ്ഞു.