വാട്‌സ്ആപ്പ് വോയ്പ് കോളുകള്‍ രാജ്യത്ത് ഉടന്‍ ലഭ്യമാവുമെന്ന് അധികൃതര്‍

Posted on: April 2, 2015 6:53 pm | Last updated: April 2, 2015 at 6:53 pm

whatsapp-free-appഅബുദാബി: ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാട്‌സ്ആപ്പ് വോയ്പ് കോള്‍ സേവനം രാജ്യത്ത് ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ഫെയ്‌സ്ബുക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ വാട്‌സ്ആപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആണ്‍ഡ്രോയിഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഫോണുകളിലും അധികം വൈകാതെ വാട്ട്്ആപ്പ് കോളുകള്‍ ലഭ്യമാവും. 2014 ഫെബ്രുവരിയിലായിരുന്നു വോയ്പ് കോളുകള്‍ ലഭ്യമാക്കുമെന്ന് വാട്ട്ആപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളം മരവിച്ചു കിടന്ന പദ്ധതി യാഥാര്‍ഥ്യമായത് ഈയിടെയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യു എ ഇയില്‍ വാട്ട്‌സ് ആപ്പ് കോളുകള്‍ ലഭ്യമാവില്ലെന്ന് വാര്‍ത്ത വന്നിരുന്നു. ഇത് സൗജന്യമായി വോയ്പ് കോള്‍ വിളിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തിയ പ്രവാസികള്‍ ഉള്‍പെടെയുള്ളവരെ നിരാശരാക്കിയിരുന്നു. കമ്പനി അധികൃതര്‍ തന്നെ ഇതിന് പരിഹാരമുണ്ടാക്കാന്‍ ഇറങ്ങിയിരിക്കിക്കുന്നതിനെ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
വാട്‌സ്ആപ്പ് കോളിനായി ആഗ്രഹിക്കുന്നവര്‍ ഈ സംവിധാനം ഉള്ളവരില്‍ നിന്നു ഇതില്‍ ചേരാനുളള റിക്വസ്റ്റ് നേടി വേണം ഇതിന്റെ ഭാഗമാവാന്‍. യു എ ഇയിലെ ടെലികോം കമ്പനികളായ ഇത്തിസലാത്തിനും ഡുവിനും മാത്രമേ രാജ്യത്ത് വോയ്പ് കോള്‍ സേവനം നല്‍കാന്‍ അധികാരമുള്ളൂവെന്നതാണ് വാട്ട്‌സ്ആപ്പ് കോള്‍ ലഭ്യമാവില്ലെന്ന അവസ്ഥക്ക് ഇടയാക്കിയത്. നിലവില്‍ ഡുവിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്ട്‌സ്ആപ്പ് കോളുകള്‍ ലഭ്യമാവുന്നത്. കമ്പനി പ്രശ്‌നത്തിന് പരിഹാരം കാണുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിന് ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്കും ഇത് ആസ്വദിക്കാനാവും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്ട്‌സ്ആപ്പ് പ്രേമികള്‍ കോള്‍ സൗകര്യം ലഭിക്കാനുള്ള സോഫ്റ്റ്‌വെയറുകള്‍ക്ക് പിറകേയായിരുന്നു. ഇത്തിസലാത്താണ് വാട്ട്‌സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം സൃഷ്ടിച്ചിരിക്കുന്നത്.
വാട്ട്‌സ്ആപ്പ് വോയ്പ് കോള്‍ സേവനം തടയാന്‍ സജ്ജമാക്കിയിരിക്കുന്ന സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ രാജ്യത്ത് ആര്‍ക്കും വാട്ട്‌സ്ആപ്പിലൂടെ വോയിപ് കോള്‍ വിളിക്കാന്‍ സാധ്യമാവില്ലെന്ന് ഏതാനും ദിവസം മുമ്പ് ഇത്തിസാലാത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. വോയ്പ് കോള്‍ നല്‍കാനുള്ള അധികാരം ഇത്തിസലാത്തിനും ഡുവിനുമാത്രമാണുള്ളതെന്ന് ട്രാ(ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി)യും വ്യക്തമാക്കിയിരുന്നു.