Connect with us

Kerala

പി സി ജോര്‍ജ്: തീരുമാനം തിങ്കളാഴ്ചയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോര്‍ജിനെ മാറ്റണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളാ കോണ്‍ഗ്രസിന്റെ നിലപാട് യു ഡി എഫ് ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

മദ്യനയത്തെക്കുറിച്ചുള്ള എല്ലാ വാദഗതികളും കോടതി വിധിയോടെ ഇല്ലാതായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിക്ക് തൊട്ടുമുമ്പ് പോലും ആരോപണങ്ങളുമായി വന്നു. ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താനാകില്ല. നാഥനില്ലാത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ പോകേണ്ട ഗതിഗേടാണ് പ്രതിപക്ഷത്തിനുള്ളത്. ബിജുരമേശിന്റെ പുതിയ ആരോപണം രാഷ്ട്രീയ തന്ത്രമാണെന്നും അതിനെ യു ഡി എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ കേസെടുത്തതില്‍ രണ്ട് നീതി ഉണ്ടെന്ന മാണിയുടെ ആരോപണം സംബന്ധിച്ച ചോദ്യത്തിന് ഒരിക്കലും രണ്ട് നീതി എന്ന സാഹചര്യം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാണി സീനിയര്‍ മന്ത്രിയാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും യു ഡി എഫ് ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്. കഴിഞ്ഞ അഞ്ച് മാസമായിട്ടും മാണിക്കെതിരെ ഒരു തെളിവും കൊണ്ടുവരാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാണിക്കെതിരെ കേസെടുത്തത് അന്വേഷണ ഉദ്യോഗസ്ഥരാണ്. കേസെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ രാഷ്ട്രീയമായും നിയമപരമായും രണ്ട് അഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest