Connect with us

Palakkad

തൃത്താലയില്‍ കാര്‍ഷിക സംഭരണ-വിപണന കേന്ദ്രം തുടങ്ങി

Published

|

Last Updated

കൂറ്റനാട്: മലയാളിക്ക് പരിചയമില്ലാതിരുന്ന ക്യാന്‍സര്‍ ഇന്ന് വ്യാപകമാകാന്‍ കാരണം അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കീടനാശിനി നിറഞ്ഞ പച്ചക്കറികളാണെന്നും അന്യസംസ്ഥാന പച്ചക്കറികളുടെ ഉപയോഗം കുറക്കാന്‍ പച്ചക്കറി സംഭരണ വിപണന കേന്ദ്രങ്ങളിലൂടെ സാധിക്കുമെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് അഭിപ്രായപ്പെട്ടു.
തൃത്താല ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പച്ചക്കറി സംഭരണ-വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃത്താലയിലെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് സ്ഥിരമായ സംഭരണ വിപണനകേന്ദ്രമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പച്ചക്കറി ഉല്പാദനത്തിലും ഉപയോഗത്തിലും തൃത്താല ഗ്രാമപഞ്ചായത്തിന് ഇതോടെ സ്വയംപര്യാപ്തമാവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിപണന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ ഉല്പന്നങ്ങളാവും സംഭരിച്ച് വില്‍പന നടത്തുക. ഇടനിലക്കാരനില്ലാതെ പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യുന്നതോടെ കര്‍ഷകനും ഉപഭോക്താവിനും ന്യായവിലക്ക് പച്ചക്കറി വില്‍ക്കാനും വാങ്ങാനും കഴിയും.
ഭാരതപുഴയുടെ തീരത്തുള്ള തൃത്താലയും പരിസര പ്രദേശങ്ങളും കാര്‍ഷിക സമൃദ്ധിയാല്‍ അനുഗ്രഹീതമാണ്. സംഭരണ വിപണന കേന്ദ്രം യാഥാര്‍ത്ഥ്യമായതോടെ കര്‍ഷകരുടെ ഏറെകാലത്തെ ആവശ്യമാണ് സാക്ഷാത്ക്കരിക്കപ്പെട്ടത്. കാര്‍ഷികോല്പന്നങ്ങള്‍ സംഭരിക്കുകയും, രാസവളങ്ങളും കീടനാശിനികളും തീണ്ടാത്ത വിഷവിമുക്ത പച്ചക്കറികള്‍ നാട്ടുകാര്‍ക്ക് ലഭ്യമാക്കുകയാണ് സംഭരണ വിപണന കേന്ദ്രത്തിലൂടെ ഉദ്ദേശിക്കുന്നത്.
തൃത്താല ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സ്വര്‍ണ്ണകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖൈറുന്നീസ മുസ്തഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീനിവാസ്, പാലക്കാട് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്ള ലത്തീഫ്, കൃഷി അസി. ഡയറക്ടര്‍ ലീലാമ്മ, കൃഷി ഓഫീസര്‍ സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പാടശേഖരസമിതി ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest