കുരങ്ങുപനി: ചികിത്സക്ക് വിദഗ്ധ സംഘത്തെ നിയമിക്കും

Posted on: April 2, 2015 10:13 am | Last updated: April 2, 2015 at 10:13 am

കല്‍പ്പറ്റ: കുരങ്ങുപനി നിയന്ത്രണ വിധേയമാക്കുന്നതിനും പനി ബാധിതര്‍ക്ക് ചികിത്സാ ധസസഹായം ലഭ്യമാക്കുന്നതിനുളള നടപടി ക്രമങ്ങള്‍ സുതാര്യമാകണമെന്നും രോഗ ബാധിതര്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ രംഗത്തെ വിദഗ്ധ സംഘത്തെ നിയമിക്കുമെന്നും പട്ടിക വര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കുരങ്ങുപനിയെക്കുറിച്ചുളള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കുന്നതിന് ആരോഗ്യം- വനം- പട്ടികവര്‍ഗ്ഗം- റവന്യൂ വകുപ്പുകളുടെ സഹകരണവും ഏകോപനവും സാധ്യമാക്കും.
വനമേഖലയിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പ് വരുത്തും. അനുവദിക്കപ്പെട്ട ധനസഹായം മുഴുവന്‍ ഇന്ന് വിതരണം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ബത്തേരി ടി ഡി ഒ യ്ക്ക് നിര്‍ദ്ദേശം നല്‍കി. രോഗം നിയന്ത്രണ വിധേയമാകുന്നത് വരെ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണം. ആദിവാസി വിഭാഗക്കാരോട് വിവേചനം കാണിക്കുന്ന വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
രോഗബാധയുളളതായി സംശയിക്കുന്ന 150 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 50 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനിമൂലം ജില്ലയില്‍ ഏഴ് പേരാണ് മരിച്ചത്.
യോഗത്തില്‍ എം എല്‍ എ ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡ് എന്‍ കെ റഷീദ്, ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ , എ ഡി എം പി വി ഗംഗാധരന്‍, ഡെപ്യൂട്ടി കലക്ടര്‍ പി അറുമുഖന്‍, എന്‍ ആര്‍ ഇ ജി എ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോയ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍, ട്രൈബല്‍ ഓര്‍ഗനൈഷേന്‍ പ്രതിനിധികള്‍,സന്നദ്ധ സംഘടന പ്രര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.