മുക്കം കടവ് പാലം: അപ്രോച്ച് റോഡിന്റെ അക്വിസിഷന്‍ നടപടികള്‍ നീളും

Posted on: April 2, 2015 9:57 am | Last updated: April 2, 2015 at 9:57 am

മുക്കം: മുക്കം കടവ് പാലം അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ആശങ്ക തീരുന്നില്ല. മൂന്ന് കരകളെ ബന്ധിപ്പിച്ച് സംസ്ഥാനത്തെ ആദ്യത്തെ പാലം നിര്‍മിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മുക്കം ഭാഗത്തെ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകിട്ടാത്തതിനെ തുടര്‍ന്നാണ് നിര്‍മാണം നീണ്ടുപോകുന്നത്.
അക്വിസിഷന്‍ നടപടികളുടെ ഭാഗമായി ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ലാന്‍ഡ് അക്വിസിഷന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച് വിട്ടുകിട്ടാനുള്ള ഭൂവുടമയുമായി സംസാരിച്ചു. താഴക്കോട്, കുമാരനെല്ലൂര്‍ വില്ലേജുകളിലെ ഫെയര്‍ വാല്യു പരിശോധനയും നടന്നു. സര്‍ക്കാറിന്റെ റവന്യൂ വകുപ്പില്‍ നിന്നുള്ള രേഖ ലഭിച്ചാല്‍ ഭൂമി വിട്ടുകൊടുക്കാമെന്നായിരുന്നു ഭൂവുടമ പറഞ്ഞിരുന്നത്.
എന്നാല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് ലഭിച്ചിട്ടും സ്ഥലം വിട്ടുനല്‍കാന്‍ ഉടമ തയാറായിട്ടില്ലെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. താഴക്കോട് വില്ലേജ് പരിധിയിലെ മുക്കം ടൗണിലെ ഏറ്റവും വലിയ വില നല്‍കാമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഭൂവുടമയോട് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പണം കൈയില്‍ കിട്ടിയാല്‍ മാത്രമേ സ്ഥലം വിട്ടുനല്‍കൂ എന്ന നിലപാടിലാണ് ഭൂവുടമ. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ പര്‍ച്ചേഴ്‌സ് സമിതി 15 ദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് വീണ്ടും ഭൂവുടമയുമായി സംസാരിക്കും. സ്ഥലം വിട്ടുകിട്ടിയില്ലെങ്കിലും അപ്രോച്ച് റോഡ് വളച്ചുനിര്‍മിച്ച് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന നിലപാടിലാണ് ഭരണനേതൃത്വം.