പൂളക്കടവില്‍ പൂനൂര്‍ പുഴയിലേക്കുള്ള ഷട്ടറുകള്‍ തകര്‍ച്ചയില്‍

Posted on: April 2, 2015 9:56 am | Last updated: April 2, 2015 at 9:56 am

നരിക്കുനി: കക്കോടി ബ്രാഞ്ച് കനാലില്‍ പൂളക്കടവിലെ ഷട്ടറുകള്‍ തകര്‍ന്നത് ആശങ്കകള്‍ക്കിടയാക്കുന്നു. കുറ്റിയാടി ജലസേചന പദ്ധതിയുടെ കക്കോടി ബ്രാഞ്ച് കനാല്‍ പൂളക്കടവിലാണ് അവസാനിക്കുന്നത്. പിന്നീട് രണ്ട് ഫീല്‍ഡ് ബോത്തികളായി വിഭജിക്കപ്പെടുകയാണ്.

കനാല്‍ വെള്ളം പൂനൂര്‍ പുഴയിലേക്ക് ഒഴുക്കുന്നതിനായി രണ്ട് ഷട്ടറുകള്‍ സ്ഥാപിച്ചിരുന്നു. ഫീല്‍ഡ് ബോത്തികളിലേക്ക് വെള്ളം ആവശ്യമുള്ളപ്പോള്‍ പുഴയിലേക്കുള്ള ഷട്ടറുകള്‍ താഴ്ത്തിയിടുകയും പുഴയിലേക്ക് വെള്ളമൊഴുക്കാനായി ഫീല്‍ഡ് ബോത്തികളുടെ ഷട്ടറുകള്‍ താഴ്ത്തുകയുമാണ് ചെയ്യാറ്. എന്നാല്‍ പുഴയിലേക്ക് സ്ഥാപിച്ച രണ്ട് ഇരുമ്പ് ഷട്ടറുകളില്‍ ഒന്ന് ഇപ്പോഴില്ല. മറ്റൊരു ഷട്ടറാണെങ്കില്‍ തകര്‍ച്ചയുടെ വക്കിലാണ്.
പൂനൂര്‍ പുഴയില്‍ ജലനിരപ്പ് താഴുമ്പോള്‍ പൂളക്കടവ് വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലെ പമ്പിംഗ് നിലനിര്‍ത്താനാണ് പുഴയിലേക്ക് കനാല്‍ വെള്ളം ഒഴുക്കുന്നത്.
പുഴയില്‍ ആവശ്യത്തിന് വെള്ളമുള്ളപ്പോള്‍ ഫീല്‍ഡ് ബോത്തികളിലൂടെ വെള്ളം ഒഴുക്കിവിടുകയും ചെയ്യും. പുഴയിലേക്കുള്ള ഷട്ടറുകളിലൊന്ന് തകര്‍ന്ന് സദാസമയവും തുറന്ന കിടക്കുന്നതോടെ കനാലിലൂടെയെത്തുന്ന വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുമെന്നതാണ് ആശങ്കക്കിടയാക്കുന്നത്.
പുതിയങ്ങാടി, ചേവായൂര്‍ ഫീല്‍ഡ് ബോത്തികളിലെ വെള്ളത്തെയും പ്രതീക്ഷിച്ച് കാത്തിരിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. ചേളന്നൂരിലെ കനാല്‍തകരാര്‍ പരിഹരിച്ച് വെള്ളം തുറന്നുവിട്ടതിനാല്‍ ഇന്നോ നാളെയോ പൂളക്കടവില്‍ കനാല്‍ വെള്ളമെത്തുമെന്നാണ് കരുതുന്നത്.