‘സമരം ചെയ്താല്‍ കറുക്കും, വരനെ കിട്ടില്ല’: ഗോവന്‍ മുഖ്യമന്ത്രി വിവാദത്തില്‍

Posted on: April 2, 2015 6:00 am | Last updated: April 2, 2015 at 12:38 am

parsekarപനാജി: സമരം ചെയ്യുന്ന നഴ്‌സുമാരെ പരിഹസിച്ച ഗോവന്‍ മുഖ്യമന്ത്രി ഗിരിരാജ് സിംഗ് വെട്ടിലായി. വെയിലത്ത് നിരാഹാര സമരം നടത്തുന്നത് തൊലി കറുക്കാന്‍ ഇടയാക്കുമെന്നും അത് വിവാഹ സ്വപ്‌നത്തെ തകര്‍ക്കുമെന്നുമായിരുന്നു പര്‍സേകറുടെ ഉപദേശം. തങ്ങളുടെ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചപ്പോഴാണ് ഇത്തരമൊരു പരാമര്‍ശമുണ്ടായതെന്ന് നഴ്‌സുമാരിലൊരാളായ അനുഷ സാവന്ത് പറഞ്ഞു.
അനാവശ്യ പരാമര്‍ശമാണ് അത്. തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും സാവന്ത് പറഞ്ഞു. അതേസമയം, താനിങ്ങനെ പറഞ്ഞിട്ടില്ലെന്ന് പര്‍സേകര്‍ അവകാശപ്പെട്ടു. ഇത്തരമൊരു പ്രസ്താവനയെ സംബന്ധിച്ച് അറിയില്ലെന്നും ഇങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നഴ്‌സുമാരും 108 ആംബുലന്‍സ് ജീവനക്കാരും കുറച്ച് ദിവസങ്ങളായി സമരത്തിലാണ്. 33 ആംബുലന്‍സുകള്‍ വേണ്ടിടത്ത് 13 എണ്ണം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇതാണ് സമരത്തിന് പ്രധാന കാരണം. സമരക്കാരുടെ പ്രിതിനിധി സംഘം രണ്ട് തവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. പൊതുപരിപാടിയില്‍ മുഖ്യമന്ത്രിയെ തടയുക എന്നതാണ് ഇനി ഇവരുടെ സമരമുറ. ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കമ്പനി നടത്തുന്ന തട്ടിപ്പില്‍ അവബോധമുണ്ടാക്കുമെന്ന് ഭാരതീയ മസ്ദൂര്‍ സംഘ് ഗോവ പ്രസിഡന്റ് ഹൃദയനാഥ് ശിരോദ്കര്‍ പറഞ്ഞു.