Connect with us

Gulf

കൊച്ചി, കണ്ണൂര്‍ വിമാനത്താവള ഫ്രീസോണുകളില്‍ ദുബൈയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തും'

Published

|

Last Updated

ദുബൈ: കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിമാനത്താവള സ്വതന്ത്ര വ്യാപാരമേഖല (എയര്‍പോര്‍ട് ഫ്രീസോണ്‍) യില്‍ ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണിന്റെ നടത്തിപ്പ് വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ തത്വത്തില്‍ ധാരണയായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അഹ്മദ് അല്‍ സര്‍ഊനിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം, വരാനിരിക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളില്‍ സ്വതന്ത്ര വ്യാപാര മേഖല വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ നടത്തിപ്പ് ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഫ്രീസോണായ ദുബൈയെ ഏല്‍പിക്കുകയാണെങ്കില്‍ അത് കേരളത്തിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഏതാണ്ട് 15,000 പേര്‍ ജോലി ചെയ്യുന്ന സ്ഥലമാണ് ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണ്‍. 1,400 ഓളം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അതില്‍ 96 ഇന്ത്യന്‍ കമ്പനികളുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ വിമാനത്താവള സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുമ്പോള്‍ ദുബൈയുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും.
യു എ ഇയിലെ സാമ്പത്തിക കാര്യമന്ത്രി സുല്‍ത്താന്‍ സഈദ് അല്‍ മന്‍സൂരിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയപ്പോള്‍ കേരളത്തില്‍ പ്രധാനപ്പെട്ട ചില മേഖലകളില്‍ നിക്ഷേപം നടത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആ നിക്ഷേപം സ്വതന്ത്ര വ്യാപാര മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. നിയമാനുസൃതമായ വഴികളിലൂടെ യു എ ഇയുടെ വിദേശ നിക്ഷേപവും വൈദഗ്ധ്യവും ഉപയോഗപ്പെടുത്താനാണ് ശ്രമം. മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ദുബൈ വിമാനത്താവള സ്വതന്ത്ര വ്യാപാരമേഖലയുടെ അനുഭവസമ്പത്ത് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അഹ്മദ് അല്‍ സര്‍ഊനി വ്യക്തമാക്കി. ദുബൈ സ്വതന്ത്ര വ്യാപാര മേഖലകളില്‍ കൂടുതല്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. ഇന്ത്യയും യു എ ഇയും തമ്മില്‍ മികച്ച വ്യാപാര ബന്ധമുണ്ട്. ദുബൈയുടെ അനുഭവസമ്പത്ത് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്നത് ഭരണകൂടത്തിന്റെ നയമാണെന്നും മുഹമ്മദ് അല്‍ സറൂനി ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരായ പി എച്ച് കുര്യന്‍, ഡോ. എം ബീന, എം എ യൂസുഫലി, മുഹമ്മദ് സാലിഹ് പങ്കെടുത്തു.

Latest