എല്‍ ഡി എഫ് 22ന് കലക്ടറേറ്റ് ഉപരോധിക്കുന്നു

Posted on: April 1, 2015 12:39 pm | Last updated: April 1, 2015 at 12:39 pm

പാലക്കാട്: അഴിമതിക്കേസില്‍ പ്രതിയായിട്ടും ബജറ്റ് അവതരിപ്പിക്കാതെ നിയമസഭയെ അപമാനിച്ച ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്നും, നിയമസഭയില്‍ വനിതാ എം എല്‍ എമാരെ അക്രമിച്ചവരെ ശിക്ഷിക്കണമെന്നും സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് 22ന് കലക്‌ട്രേറ്റ് ഉപരോധിക്കും. കലക്‌ട്രേറ്റ് പ്രക്ഷോഭത്തിന്റെ ഭാഗമായി അഞ്ച് ആറ്, ഏഴ്, ഒമ്പത് തീയതികളില്‍ ജില്ലയില്‍ പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ നയിക്കുന്ന ജാഥ അഞ്ചിന് വൈകുന്നേരം അഞ്ചുമണിക്ക് പാലക്കാട് പടിഞ്ഞാറങ്ങാടിയില്‍ എന്‍സിപി ദേശീയ നിര്‍വ്വാഹകസമിതി അംഗം എ കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.ആറ്, ഏഴ് തീയതികളില്‍ ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കും.ഏഴാം തീയതി രാവിലെ തുടരുന്ന ജാഥയുടെ സമാപനയോഗം വൈകുന്നേരം ആറുമണിക്ക് വടക്കഞ്ചേരിയില്‍ സിപിഐ ദേശീയ സമിതിയംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സി കെ രാജേന്ദ്രന്‍ നയിക്കുന്ന ജില്ലാ ജാഥയില്‍ കെ എസ് സലീഖ എം എല്‍ എ, ജോസ് ബേബി (സി പി ഐ), കെ ആര്‍ ഗോപിനാഥ് (ജനതാദള്‍), റസാക്ക് മൗലവി (എന്‍ സി പി), നൈസ് മാത്യു (കേരള കോണ്‍ഗ്രസ്), ശിവപ്രകാശന്‍ (കോണ്‍ഗ്രസ് എസ്) എന്നിവര്‍ അംഗങ്ങളായി ജാഥയെ അനുഗമിക്കും. ഏപ്രില്‍ ഒമ്പതിന് കാലത്ത് പത്തുമണിക്ക് അഗളി സെന്ററിലും റാലിയും പൊതുയോഗവും സംഘടിപ്പിക്കും.