ഗ്രാമീണമേഖലയിലെ ഉപഭോക്താക്കള്‍ ബി എസ് എന്‍ എല്‍ സേവനം ഒഴിവാക്കുന്നു

Posted on: April 1, 2015 12:31 pm | Last updated: April 1, 2015 at 12:31 pm

മാനന്തവാടി: ഗ്രാമീണ മേഖലയിലെ 75 ശതമാനം ഉപഭോക്താക്കളും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബി എസ് എന്‍ എല്‍ സേവനങ്ങള്‍ ഒഴിവാക്കി. ഇന്റര്‍നെറ്റ് ബ്രോഡ്ബ്രാന്റ് സേവനത്തിനായി ബി എസ് എന്‍ എലിനെ ആശ്രയിച്ചിരുന്നവര്‍ സ്വകാര്യ കേബിള്‍ നെറ്റ്‌വര്‍ക്ക് കണക്ഷനെടുക്കാന്‍ തുടങ്ങിയതോടെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗ്രാമീണ മേഖലയില്‍ സര്‍ക്കാര്‍ ഫോണ്‍ സര്‍വീസ് ഓര്‍മയാവും. ഇപ്പോള്‍ തന്നെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകളില്‍ പോലും ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ ഒഴിവാക്കി സ്വകാര്യ കമ്പനികളുടെ ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് പാക്കേജാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം തൊണ്ടര്‍നാടില്‍ ബി എസ് എല്‍ എല്‍ സര്‍വീസുകള്‍ രണ്ടുദിവസം തകരാറായതോടെ കോറോം കനറാ ബാങ്കുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം ഒന്നര ദിവസത്തോളം തടസ്സപ്പെടുകയുണ്ടായി. ഗ്രാമീണ മേഖലയിലുള്ള ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ പുതിയ ഉപകരണങ്ങളെത്തിക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്യുന്നതു നിര്‍ത്തിയതോടെയാണ് ബി എസ് എന്‍ എലിന്റെ തകര്‍ച്ച തുടങ്ങിയത്. പകരം സ്വകാര്യ കുത്തക കമ്പനികള്‍ 3ജി ഉള്‍പ്പടെയുള്ള മികച്ച സൗകര്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തു തുടങ്ങി. ലാന്റ് ലൈന്‍ ഫോണുകള്‍ ബി എസ് എന്‍ എല്‍ മാത്രം നല്‍കിയിരുന്ന കാലത്ത് മാസങ്ങളോളം കാത്തിരുന്നും ഉയര്‍ന്ന സംഖ്യ കെട്ടിവച്ചും കണക്ഷനെടുത്തവര്‍ ഒറ്റ ദിവസം കൊണ്ട് സ്വകാര്യ മൊബൈല്‍ ഫോണ്‍ സര്‍വീസുകളിലേക്ക് മാറുകയായിരുന്നു. ബ്രോഡ്ബ്രാന്റില്‍ കുത്തകയായിരുന്നതിനാലാണ് പലരും ബി എസ് എന്‍ എല്‍ കണക്ഷന്‍ പൂര്‍ണമായും ഒഴിവാക്കാന്‍ മടിച്ചത്. ഇപ്പോള്‍ ഒട്ടുമിക്ക ഭാഗങ്ങളിലും സ്വകാര്യ കേബിള്‍ നെറ്റ്‌വര്‍ക്ക് വഴിയുള്ള ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാണ്. ഇതോടെയാണ് അവശേഷിക്കുന്ന കണക്ഷനുകളും ഗുണഭോക്താക്കള്‍ ഒഴിവാക്കിത്തുടങ്ങിയത്. നേരത്തെ രണ്ടായിരത്തോളം കണക്ഷനുണ്ടായിരുന്ന വെള്ളമുണ്ടയില്‍ ഇപ്പോള്‍ 200 എണ്ണമാണ് അവശേഷിക്കുന്നത്. ഇതാവട്ടെ, ഭൂരിഭാഗവും പ്രവര്‍ത്തനരഹിതവും. ഇതുതന്നെയാണ് ജില്ലയിലെ ഒട്ടുമിക്ക എക്‌സ്‌ചേഞ്ചുകളുടെയും അവസ്ഥ.