‘അതുല്യകേളി’ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവം: രണ്ടായിരം പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും

Posted on: April 1, 2015 11:24 am | Last updated: April 1, 2015 at 11:24 am

മലപ്പുറം: കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഈമാസം 10, 11, 12 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന ഏഴാമത് സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള 2000 ത്തോളം പേര്‍ പങ്കെടുക്കും.
സാക്ഷരതാ ഗുണഭോക്താക്കള്‍, പത്താംതരം തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍ എന്നിവര്‍ക്കായി 54 ഇനങ്ങളിലാണ് മത്സരം. ഈമാസം 10 ന് വൈകീട്ട് നാലിന് വര്‍ണാഭമായ സാംസ്‌ക്കാരിക ഘോഷയാത്രയോടെ മത്സര പരിപാടികള്‍ ആരംഭിക്കും. 11 ന് രാവിലെ ഒന്‍പതിന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ‘അതുല്യകേളി’ കലോത്സവം ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന കലാകാരന്മാര്‍ക്ക് താമസ സൗകര്യമുള്‍പ്പെടെ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
യോഗത്തില്‍ വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി കെ ജല്‍സീമിയ, സക്കീന പുല്‍പാടന്‍, ടി വനജ, അംഗം ഉമ്മര്‍ അറക്കല്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം, അംഗം അഡ്വ. എ എ റസാഖ്, സാക്ഷരതാ മിഷന്‍ അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ വി കെ മൂസ, സാക്ഷരതാ മിഷന്‍ ജില്ലാ- മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു. കലോത്സവത്തിന്റെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
മത്സരങ്ങള്‍ അഞ്ച് വേദികളില്‍: ഏഴാമത് സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവം മലപ്പുറം നഗരത്തിലെ അഞ്ച് വേദികളിലായാണ് നടക്കുക. നഗരസഭ ടൗണ്‍ ഹാള്‍ പ്രധാന വേദിയും മുന്‍വശത്തെ മുറ്റം രണ്ടാം വേദിയുമായിരിക്കും.