എസ് എസ് എല്‍ സി പരീക്ഷാ മൂല്യനിര്‍ണയം: ജില്ലയില്‍ എട്ട് കേന്ദ്രങ്ങള്‍

Posted on: April 1, 2015 11:22 am | Last updated: April 1, 2015 at 11:22 am

മലപ്പുറം/മഞ്ചേരി: പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം തുടങ്ങി. ജില്ലയിലെ എട്ട് കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലൊഴികെ മറ്റ് മൂന്നിടത്തും കേന്ദ്രങ്ങളുണ്ട്.
ജി ബി എച്ച് എസ് പെരിന്തല്‍മണ്ണ, രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോട്ടക്കല്‍, മഞ്ചേരി ജി ബി എച്ച് എസ് എസ്, ജി ജി എച്ച് എസ് എസ് മഞ്ചേരി, ജി വി എച്ച് എസ് എസ് മക്കരപറമ്പ്, ജി ജി വി എച്ച് എസ് എസ് തിരൂര്‍, ജി ബി എച്ച് എസ് എസ് തിരൂര്‍, ദേവദാര്‍ എച്ച് എസ് എസ് താനൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്. എട്ട് ദിവസം കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. 16നാണ് ഫലപ്രഖ്യാപനം. കോട്ടക്കല്‍ രാജാസില്‍ കെമിസ്ട്രി, തിരൂര്‍ ഗേള്‍സ് സ്‌കൂളില്‍ കണക്ക്, തിരൂര്‍ ബോയ്‌സില്‍ ഇംഗ്ലീഷ്, ജി വി എച്ച് എസ് എസില്‍ സാമൂഹ്യശാസ്ത്രം, താനൂര്‍ ദേവദാറിലും ബയോളജി, പെരിന്തല്‍മണ്ണ ജി ബി എച്ച് എസിലും ബയോളജി, മഞ്ചേരി ഗേള്‍സ് സ്‌കൂളില്‍ മലയാളം സെക്കന്റ്, മഞ്ചേരി ബോയ്‌സില്‍ ഹിന്ദി പേപ്പറുകളാണ് മൂല്യനിര്‍ണയം നടത്തുന്നത്.
എന്നാല്‍ ആദ്യദിനമായ ഇന്നലെ പലയിടത്തും വേണ്ടത്ര അധ്യാപകര്‍ മൂല്യനിര്‍ണയ ജോലിക്ക് ഹാജരായിട്ടില്ല. കോട്ടക്കല്‍ രാജാസ് സ്‌കൂളില്‍ 91 പേരുടെ കുറവാണുള്ളത്. അധ്യാപകരുടെ കുറവ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്തുന്നതിന് തടസമാകുമെന്ന ആശങ്കയുമുണ്ട്. തമിഴ് മാധ്യമത്തില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ പേപ്പറുകളും ജില്ലയില്‍ മൂല്യനിര്‍ണയം നടത്തുന്നുണ്ട്, കോട്ടക്കലില്‍ പതിനായിരം പേപ്പറുകളാണ് തമിഴില്‍ കെമിസ്ട്രി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടേതായുള്ളത്.
ഒരു മുറിയില്‍ 20 എക്‌സാമിനര്‍മാരാണ് പേപ്പര്‍ നോക്കുന്നത്. ഇവര്‍ക്ക് ഒരു അഡീഷനല് ചീഫ് എക്‌സാമിനര്‍മാരുമുണ്ടാകും. ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം ഈ മാസം ആറിനാണ് ആരംഭിക്കുന്നത്.