സ്ഥലപ്പേര് നിലനിര്‍ത്തി കണാരേട്ടന്‍ ഓര്‍മയായി

Posted on: April 1, 2015 11:20 am | Last updated: April 1, 2015 at 12:24 pm

കാളികാവ്: കരുവാരകുണ്ട്- കാളികാവ് റൂട്ടില്‍ ബസില്‍ സഞ്ചരിക്കുന്ന ആരുടേയും മനസില്‍ പ്രതിഷ്ഠ നേടിയ സ്ഥലപ്പേരാണ് കണാരന്‍പടി. അരിമണലിനും ഈനാദിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് ആ പേര് നേടിക്കൊടുത്ത പ്രദേശത്തെ കാരണവരായിരുന്ന കണാരേട്ടന്‍ കഴിഞ്ഞ ദിവസം ഈ ലോകത്തോട് യാത്ര പറഞ്ഞു.
കുടിയേറ്റ പ്രദേശമായ കാളികാവിലേക്ക് അറുപതുകളുടെ അവസാനം തിരുവിതാംകൂറില്‍നിന്നും എത്തിയ കുടിയേറ്റ കര്‍ഷകരിലൂടെയാണ് കണരാനും കണാരന്‍പടിയും നാട്ടില്‍ എല്ലവര്‍ക്കും ചിരപരിചിതമാവുന്നത്. മുമ്പ് തെക്കന്‍ ജില്ലകളില്‍ നിന്നും മണ്ണും കൃഷിയിടവും തേടി വന്ന കര്‍ഷകരില്‍ ചിലര്‍ അടക്കാകുണ്ട് പ്രദേശത്തേക്കും മറ്റും പോകാന്‍ ബസിറങ്ങുക കണാരന്‍പടിയിലും ചെങ്കോടുമൊക്കെയായിരുന്നു. കണാരേട്ടന്റെ ചായക്കടായിരുന്നു അന്ന് ഇവിടെ ബസിറങ്ങിവരുന്നവര്‍ക്ക് ചായക്കും ഭക്ഷണത്തിനും ആശ്രയം.
കര്‍ഷകര്‍ അവരുടെ പണിയായുധങ്ങളും ഇവിടെ സൂക്ഷിക്കും. ചായക്കടയുടെ പടിക്കല്‍ ബസ് പതിവായി നിര്‍ത്തിത്തുടങ്ങിയതോടെ സ്റ്റോപ് അറിയാതെ കണാരന്‍പടിയായി മാറി. പിന്നീട് ലക്ഷ്മി, മയില്‍ വാഹനം, എക്‌സ് സര്‍വീസ്, നിലമ്പൂര്‍ റോഡ് വെയ്‌സ് തുടങ്ങി കൂടുതല്‍ ബസ് സര്‍വീസുകള്‍ വന്നതോടെ കണാരന്‍പടി കൂടുതല്‍ പ്രശസ്തമായി. കാലമേറെ ചെന്നതോടെ പിന്നീട് കണാരേട്ടന്‍ കച്ചവടം നിര്‍ത്തിയെങ്കിലും സ്റ്റോപിന്റെ പേര് മാറിയില്ലെന്ന് മാത്രമല്ല അത് അംഗീകൃത ബസ്‌സ്റ്റോപ് ആയി മാറി.
യാത്രക്കാരനായി ഇടക്ക് കണാരേട്ടന്‍ ബസില്‍ കയറുന്ന സമയത്ത് പലപ്പോഴും തന്റെ പേരിലുള്ള സ്റ്റോപിന്റെ പേര് പറയാന്‍ മടികാണിച്ചത് പഴയ ബസ് ജീവനക്കാര്‍ ഓര്‍ത്തെടുക്കുന്നു. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് കണാരേട്ടന്‍ മരണപ്പെടുന്നത്.