തിക്‌രീതിലെ സര്‍ക്കാര്‍ ആസ്ഥാനം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു

Posted on: April 1, 2015 5:02 am | Last updated: April 1, 2015 at 12:03 am
SHARE

കിര്‍ക്കുക്: സ്വലാഹുദ്ദീന്‍ പ്രവിശ്യയിലെ സര്‍ക്കാര്‍ ആസ്ഥാനം ഇസില്‍ തീവ്രവാദികളില്‍ നിന്ന് ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. തിക്‌രീത് നഗരം തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ പോരാട്ടത്തില്‍ വളരെ നിര്‍ണായകമായ മുന്നേറ്റമായാണ് ഇതിനെ വിലയിരുത്തുന്നത്. ബദര്‍ സൈനികരും ഇറാന്‍ പിന്തുണയുള്ള ശിയാ സൈനികരും ഇറാഖ് സൈന്യത്തിന് പിന്തുണയുയമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തിക്‌രീത് നഗരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം മരവിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിക്‌രീതിലെ സര്‍ക്കാര്‍ ആസ്ഥാനം ഇപ്പോള്‍ ഇറാഖ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് സൈനിക ജനറല്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം രണ്ടിനാണ് തന്ത്രപ്രധാനമായ തിക്‌രീത് നഗരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം ആരംഭിച്ചിരുന്നത്. ശക്തമായ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തിലായിരുന്നു സെനിക മുന്നേറ്റം. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തില്‍ കീഴിലായിരുന്ന തിക്‌രീത്, സദ്ദാമിന്റെ ജന്‍മനഗരം കൂടിയാണ്. സര്‍ക്കാര്‍ ആസ്ഥാനം തിരിച്ചുപിടിച്ച വാര്‍ത്ത സ്വലാഹുദ്ദീന്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ റാദ് അല്‍ജുബുരി സ്ഥിരീകരിച്ചു. നഗരത്തിലെ വിവിധ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഇപ്പോള്‍ ഇറാഖ് സൈന്യത്തിന്റെ പതാക സ്ഥാപിക്കപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ബദര്‍ വക്താവ് കരീം അല്‍നൂരിയും നഗരത്തിലെ സര്‍ക്കാര്‍ ആസ്ഥാനം തിരിച്ചുപിടിച്ച വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇസില്‍ വിരുദ്ധ ആക്രമണം യു എസ് ശക്തമാക്കിയതോടെ ഒരാഴ്ചയായി സൈനിക മുന്നേറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ശിയാ സൈനിക വക്താവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്ക വ്യോമാക്രമണം തുടങ്ങിയത്. എന്നാല്‍ ഇത്തരത്തിലുള്ള അമേരിക്കയുടെ നീക്കം വിജയം തങ്ങളുടെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കാനുള്ള അവരുടെ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഇറാന്‍ പിന്തുണയുള്ള ശിയാക്കളുടെ ആരോപണം.