Connect with us

Kerala

സൂര്യതാപം; 12നും മൂന്നിനുമിടയില്‍ തൊഴിലെടുക്കുന്നതിന് വിലക്ക്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍സമയത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യാഘാതത്തിനുള്ള സാധ്യത നിലനിര്‍ത്തി വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഇന്ന് മുതല്‍ ഈമാസം 30 വരെ പുനഃക്രമീകരിച്ച് സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വി കെ ബാലകൃഷ്ണന്‍ ഉത്തരവായി. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി തൊഴിലുടമകള്‍ നിജപ്പെടുത്തണം.
രാവിലെയുള്ള ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിക്കേണ്ടതാണെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ അധികം ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉത്തരവ് നടപ്പിലാക്കി ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 1958-ലെ കേരള മിനിമം വേജസ് ചട്ടം അനുസരിച്ചാണ് നടപടി.