വരുന്നൂ…ഓട്ടോറിക്ഷകളിലും ഫെയര്‍ ബില്ല്‌

Posted on: March 28, 2015 6:00 am | Last updated: March 27, 2015 at 11:11 pm
SHARE

autoകണ്ണൂര്‍: മീറ്ററിടാതെ വണ്ടിയോടിച്ചിട്ട് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കൈയ്യില്‍നിന്ന് കൂലി കൂട്ടി വാങ്ങിക്കുന്ന ഓട്ടോക്കാരുടെ പതിവു പരിപാടി ഇനി നടക്കില്ല. റോഡ് ശരിയില്ല, റിട്ടേണ്‍ കാലിയടിക്കണം, പെട്രോള്‍ വില കൂടി…. എന്നൊക്കെ പറഞ്ഞ് പതിവായി തര്‍ക്കിക്കുന്ന ഓട്ടോക്കാര്‍ക്ക് കൂച്ചു വിലങ്ങിടാന്‍ പുതിയ സംവിധാനം അണിയറയിലൊരുങ്ങുന്നു. സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്കും പ്രിന്റഡ് ഫെയര്‍ബില്ല് നല്‍കുന്ന മീറ്റര്‍ ഘടിപ്പിച്ച് യാത്രക്കാരുടെ പോക്കറ്റ് കാലിയാവാതെ കാക്കാനാണ് ഗതാഗത വകുപ്പിന്റെ ആലോചന.അമിത ചാര്‍ജ്്് ഈടാക്കുന്നുവെന്ന പതിനായിരക്കണക്കിന് ഓട്ടോ യാത്രികരുടെ പതിവ് പരാതികളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ഓട്ടോയില്‍ യാത്രക്കാര്‍ കയറിക്കഴിഞ്ഞാല്‍ സാധാരണ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങണം. ഇറങ്ങേണ്ട സ്ഥലമായാല്‍ മീറ്റര്‍ ചാര്‍ജിനനുസരിച്ചുള്ള ബില്ല് യാന്ത്രികമായിത്തന്നെ പുറത്തെത്തും. ഈ ബില്ലില്‍ കാണുന്ന തുക മാത്രമാണ് പിന്നീട് യാത്രക്കാരന്‍ നല്‍കേണ്ടത്.കൃത്യമായ ചാര്‍ജ് നല്‍കാന്‍ ഫെയര്‍ ബില്ല് സംവിധാനം ഏര്‍പ്പെടുത്തുന്നതു കൊണ്ട് യാത്രക്കാരന് കഴിയുമെന്നതിനപ്പുറം ഓട്ടോ ഡ്രൈവറും യാത്രക്കാരും തമ്മിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കും.സംസ്ഥാനത്തെ ഓരോ പോലിസ് സ്‌റ്റേഷനു കീഴിലും ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഒരു ദിവസം കുറഞ്ഞത്് ഒന്നെങ്കിലുമുണ്ടാകും.നഗര പ്രദേശങ്ങളിലാണെങ്കില്‍ ഇതിന്റെ തോത്്് വളരെയധികം കൂടും.വാടക പ്രശ്്്‌നവുമായി ബന്ധപ്പെട്ടായിരിക്കും എല്ലാ തര്‍ക്കങ്ങളുടെയും തുടക്കമെന്നാണ് പോലിസ് ഭാഷ്യം.
വാടക തര്‍ക്കം കൈയാങ്കളിയിലെത്തുന്ന സംഭവം വരെ നിരവധിയുണ്ടായിട്ടുമുണ്ട്്.ഇതിന്റെയൊക്കെ പശ്ചാതലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു സംവിധാനം കൊണ്ടു വരാന്‍ ആലോചിക്കുന്നത്.ഏതാനും മാസങ്ങള്‍ക്കു മുമ്പ്് തന്നെ ഇത്തരമൊരാലോചന സര്‍ക്കാര്‍ കൊണ്ടു വന്നെങ്കിലും നടപ്പാക്കാനായില്ല.എന്നാല്‍ ഈ മാസം ആദ്യം നടന്ന നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമെന്നും ഫെയര്‍ ബില്ല് സംവിധാനം നടപ്പാക്കുന്നതിനെതിരെ സര്‍ക്കാറിനു മേല്‍ യാതൊരു സമ്മര്‍ദ്ദവുമുണ്ടായിട്ടില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.അതേ സമയം ഓട്ടോകള്‍ക്ക് നിലവിലുള്ള മീറ്ററും മറ്റും പൂര്‍ണമായും മാറ്റേണ്ട നിലയുണ്ടാകും. ഇതിന് ഭാരിച്ച ചെലവ് വരികയും ചെയ്യും. ഇത് ഓട്ടോ ഉടമകള്‍ തന്നെ വഹിക്കേണ്ടി വരുമെന്നത് പാവപ്പെട്ട ഓട്ടോ റിക്ഷാതൊഴിലാളികള്‍ക്ക് വലിയ പൊല്ലാപ്പായി മാറുകയും ചെയ്യും.തമിഴ് നാട്ടില്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ച് നടപ്പാക്കാനാവാതെ പോയ പദ്ധതി കൂടിയാണിത്.