രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ പത്ത് എക്‌സൈസ് ജീവനക്കാര്‍ക്കെതിരെ കേസ്

Posted on: March 26, 2015 10:20 am | Last updated: March 26, 2015 at 10:20 am
SHARE

പാലക്കാട്: ചരക്കുവാഹനങ്ങള്‍ കടത്തിവിടാന്‍ ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ രണ്ട് ഓഫിസര്‍മാരുള്‍പ്പെടെ 10 എക്‌സൈസ് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസെടുത്തു. ഗോപാലപുരം, വേലന്താവളം എക്‌സൈസ് ചെക്‌പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. വിജിലന്‍സ് ഡിവൈഎസ്പി എം. സുകുമാരനാണു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രതിചേര്‍ക്കപ്പെട്ടവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തു. കഴിഞ്ഞമാസം ആറിനു രാത്രി വേലന്താവളം ചെക്‌പോസ്റ്റില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് വാഹനപരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ വാങ്ങിയതെന്നു കരുതുന്ന 24,870 രൂപ പിടികൂടിയിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മാലിക്, അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എച്ച് വിവേകാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ സി സോള്‍, എസ് വിജയകുമാരന്‍, സി രമേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയാണു കേസ്. ഇവരെ കാസര്‍കോട് ജില്ലയിലേക്കു മാറ്റി.
ചെക് പോസ്റ്റില്‍ പിരിക്കുന്ന പണം ആഴ്ചയിലൊരിക്കല്‍ ഒരു ഇന്‍സ്‌പെക്ടര്‍ മുഖേനയാണു പുറത്തെത്തിക്കുന്നതെന്നാണു വിജിലന്‍സ് റിപ്പോര്‍ട്ട്. ഗോപാലപുരം ചെക്‌പോസ്റ്റില്‍ കഴിഞ്ഞ മാസം 28ന് കൈക്കൂലിപ്പണമായ 15,670 രൂപയാണു പിടികൂടിയത്. എട്ടു സംഘങ്ങളായി തിരിഞ്ഞ് എട്ടു ചെക് പോസ്റ്റുകളിലായിരുന്നു വിജിലന്‍സ് റെയ്ഡ്. ചെക് പോസ്റ്റിനുള്ളില്‍ നിന്നും ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ നിന്നുമാണ് അനധികൃത പണം കിട്ടിയത്. പ്രിവന്റീവ് ഓഫിസര്‍ വി സുരേഷ്, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം പി പ്രഭാത്, സി ഹരിപ്രസാദ്, എം മാസിലാമണി, പി ജോബിമോന്‍ എന്നിവര്‍ക്കെതിരെയാണ് അഴിമതി നിരോധന നിയമമനുസരിച്ചു കേസെടുത്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍.— ഇവരില്‍ ജോബിമോന്‍ ഒഴികെ നാലുപേരെ വയനാട്ടിലേക്കു സ്ഥലം മാറ്റി.