ആരോപണ- പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ കോര്‍പറേഷന്‍ ബജറ്റ് വോട്ടിനിട്ട് പാസ്സാക്കി

Posted on: March 26, 2015 9:57 am | Last updated: March 26, 2015 at 9:57 am
SHARE

കോഴിക്കോട്: രണ്ട് ദിവസം നീണ്ട ആരോപണ- പ്രത്യാരോപണങ്ങള്‍ നിറഞ്ഞ ചര്‍ച്ചകള്‍ക്ക് ശേഷം കോര്‍പറേഷന്‍ നിലവിലുള്ള ഭരണസമിതിയുടെ അവസാന ബജറ്റ് വോട്ടിനിട്ട് പാസാക്കി. 34 നെതിരെ 41 വോട്ടുകള്‍ക്കാണ് ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്ലത്വീഫ് അവതരിപ്പിച്ച കോര്‍പറേഷന്റെ 2015-16 വര്‍ഷത്തെ ബജറ്റ് പാസാക്കിയത്.
336,83,41,609 രൂപ വരവും 327,11,15,000 രൂപ ചെലവും 9,72,26,609 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാസാക്കിയത്. മേയറും ബജറ്റിന് അനുകൂലമായി കൈപൊക്കി. ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ രാഷ്ട്രീയ ആരോപണങ്ങളും വാക്കേറ്റങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു ഇന്നലത്തെയും ബജറ്റ് ചര്‍ച്ച.
ചര്‍ച്ചയുടെ ആദ്യ ദിവസം മേയര്‍ക്കെതിരെ പ്രതിപക്ഷ ഉപനേതാവിന്റെ മോശം പരാമര്‍ശമാണ് വിവാദമായിരുന്നതെങ്കില്‍ ഇന്നലെ ഒരു ഭരണപക്ഷ കൗണ്‍സിലര്‍ പ്രതിപക്ഷ അംഗത്തിനെതിരെ പറഞ്ഞ തെറ്റായ വാക്കുകളും വലിയ ബഹളത്തിനിടയാക്കി. ബജറ്റ് ചട്ടവിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇന്നലത്തെ പ്രധാന ആരോപണം. ധനകാര്യ സ്ഥിരം സമിതിയുടെ പരിഗണനക്ക് വരാത്ത ബജറ്റ് അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. പ്രതിപക്ഷത്ത് ചര്‍ച്ചയില്‍ പങ്കെടപത്തവരെല്ലാം ബജറ്റിനെ അടച്ച് ആക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ബജറ്റ് അവതരണത്തില്‍ ഒരു ചട്ടലംഘനവും ഉണ്ടായിട്ടില്ലെന്ന് ഡെപ്യൂട്ടി മേയര്‍ അബ്ദുല്ലത്വീഫ് പറഞ്ഞു. ബജറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളും അറിയിച്ചിട്ടുണ്ട്. ബജറ്റ് കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സെക്രട്ടറിമാര്‍ ഒപ്പിട്ടു കൈപറ്റിയതായും അതില്‍ ഡെപ്യൂട്ടി മേയര്‍ക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചക്കിടെ ഭരണപക്ഷ അംഗം ഇ എം സോമനാണ് പ്രതിപക്ഷത്തിനെതിരെ മോശം പരാമര്‍ശം നടത്തിയത്. നിങ്ങള്‍ വിലകൂടിയ സാധനങ്ങള്‍ കട്ടെടുക്കുമെന്നതിനാലാണ് ബജറ്റ് ദിവസം സഭാഹാളിലേക്ക് മേയര്‍ കടന്ന് വരുമ്പോള്‍ ഞങ്ങള്‍ സുരക്ഷ നല്‍കിയതെന്നായിരുന്നു സോമന്റെ പരാമര്‍ശം. ഉടന്‍ തന്നെ പ്രതിപക്ഷം ഒന്നടങ്കം എഴുനേറ്റ് സോമന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ പോക്കറ്റടിക്കാരും കള്ളന്‍മാരുമായാണ് സോമന്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് മുഹമ്മദലി പറഞ്ഞു. അദ്ദേഹം ഖേദം പ്രകടിപ്പിക്കാതെ ചര്‍ച്ച തുടരാന്‍ അനുവദിക്കില്ലെന്ന സ്ഥിതി വന്നപ്പോള്‍ സോമന്‍ ഖേദം പ്രകടിപ്പിക്കുകയും ചര്‍ച്ച തുടരുകയുമായിരുന്നു.
പ്രതിപക്ഷ അംഗം എന്‍ സി മോയിന്‍കുട്ടി അനുവദിച്ച സമയം കഴിഞ്ഞ് ബെല്ല് അടിച്ചിട്ടും പ്രസംഗം തുടര്‍ന്നപ്പോള്‍ മേയര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇത്തരം തോന്നിവാസങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് മേയര്‍ പറഞ്ഞതോടെ അതിന്റെ പേരിലും പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റ് ബഹളമുണ്ടാക്കി. വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ ബജറ്റില്‍ കാര്യമായി ഉള്‍പ്പെടുത്തിയില്ലെന്ന് ചെയര്‍പേഴ്‌സണ്‍ ഉഷാദേവി പരാതിപ്പെട്ടു. സ്‌കൂളുകളുടെ പെട്ടെന്നുള്ള അറ്റക്കുറ്റപണികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. വികസന്യൂകാഴ്ചപാടുകളെ വ്യക്തമായി പ്രതിപാദിക്കുന്ന ബജറ്റാണിതെന്ന് മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം മോഹനനന്‍ പറഞ്ഞു. ഓട്ടോറിക്ഷകളും മറ്റും നടത്തുന്ന തരത്തില്‍ മിന്നല്‍ സമരം ബജറ്റ് ദിനത്തില്‍ പ്രതിപക്ഷം നടത്തിയത് ശരിയായില്ലെന്ന് ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ഒരു സഹകരണവും ഇല്ലാതെയാണ് കോര്‍പറേഷന്‍ വികസന നേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുന്നതെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാനമ്മകുഞ്ഞുണ്ണി പറഞ്ഞു.
കോര്‍പറേഷന് ലഭിച്ച പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ മേയറുടെ കൈവിറച്ചിട്ടുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. എം ടി പത്മ പരിഹസിച്ചു. കോഴിക്കോടുമായി ബന്ധമില്ലാത്തവരായത് കൊണ്ടാണ് ഇത്തരം പുരസ്‌കാരം കോര്‍പറേഷന് നല്‍കിയതെന്നും അവര്‍ ആരോപിച്ചു. കിഡ്‌സണ്‍ കോര്‍ണര്‍ പൊളിച്ചുമാറ്റാനെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ അംഗം പി കിഷന്‍ചന്ദ് പറഞ്ഞു. ആത്മാവ്്യൂനഷ്ടപ്പെട്ട ബജറ്റാണിതെന്നും ചട്ടവിരുദ്ധമായി അവതരിപ്പിച്ച ബജറ്റ് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദലി പറഞ്ഞു.
പ്രതിപക്ഷത്ത് നിന്ന് അഡ്വ. എ വി. അന്‍വര്‍, സി എസ് സത്യഭാമ, പി വി അവറാന്‍, അനിതാകൃഷ്ണനുണ്ണി, സി പി സലീം, സി എം സുല്‍കുമാര്‍, എന്‍ സി മോയിന്‍കുട്ടി എന്നിവരും ഭരണപക്ഷത്ത് നിന്നും സി കെ രേണുകാദേവി, സി പി മുസാഫര്‍ അഹമ്മദ്, സി എം സോമന്‍, ഒ സദാശിവന്‍, എം കെ സാമിനാഥന്‍, പ്രസീജ, ടെ പി പത്മജ, കെ സി മീരാദര്‍ശക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തനിക്കെതിരെയുള്ള അഞ്ച് കേസുകളും ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് ഡെപ്യൂട്ടി മേയര്‍ എന്ന നിലയില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലുള്ള ആരോപണങ്ങള്‍ മാത്രമാണെന്ന് മറുപടി പ്രസംഗത്തില്‍ പി ടി അബ്ദുല്ലത്വീഫ് പറഞ്ഞു. അഴിമതി നടത്തിയില്ലെന്ന് ഉത്തമബോധ്യമുള്ളത് കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ എല്ലാ ധാര്‍മികതയും തനിക്കുണ്ടെന്ന് പറഞ്ഞ് അദ്ദേഹം മറുപടി പ്രസംഗം അവസാനിപ്പിച്ചു. ഇതോടെ ബജറ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് പ്രതിപക്ഷ ബഹളം വെച്ചതോടെ കൈ ഉയര്‍ത്തി വോട്ടിനിട്ട് പസാക്കുകയായിരുന്നു.