Connect with us

Kerala

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: പുതിയ രൂപരേഖയുണ്ടാക്കും

Published

|

Last Updated

തിരുവനന്തപുരം: ജി സി സി രാജ്യങ്ങള്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അധികാരം നോര്‍ക്കക്കും ഒഡെപ്പെക്കിനും നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖയുണ്ടാക്കി.
അടുത്ത മാസം 30ന് ശേഷം നഴ്‌സുമാരുടെ മുഴുവന്‍ റിക്രൂട്ട്്‌മെന്റുകളും നോര്‍ക്കക്കും ഒഡെപെക്കിനും കീഴിലാകും നടക്കുക. ഇന്ത്യയിലെ മുഴുവനും നഴ്‌സിംഗ് റിക്രൂട്ട്്‌മെന്റിനുള്ള ചുമതല ഇനി മുതല്‍ ഈ സംവിധാനത്തിന് കീഴിലായിരിക്കും. രണ്ട് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ഇന്ത്യയിലെ എല്ലാ മെട്രോ സിറ്റികളിലും ഈ ഏജന്‍സിക്ക് പ്രവര്‍ത്തനമുണ്ടാകും. പ്രാരംഭ ചര്‍ച്ചകള്‍ക്കായി സെക്രട്ടറിമാരടങ്ങുന്ന ഉന്നതതല സംഘം ഏപ്രില്‍ ആറിന് ശേഷം കുവൈത്തിലേക്ക് പോകും.
നിലവില്‍ റിക്രൂട്ട്‌മെന്റിന്റെ 15 ശതമാനം മാത്രമേ നോര്‍ക്ക മുഖേനെ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു തരത്തിലും അഴിമതിക്ക് പഴുതില്ലാത്ത വിധം റിക്രൂട്ട്്‌മെന്റ്് നടത്തുമെന്നും ഈ രണ്ടു ഏജന്‍സികളുടെ അനുമതിയില്ലാതെ ഉദ്യോഗാര്‍ഥികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. നാമമാത്രമായ ഫീസ് മാത്രമേ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഈടാക്കുകയുള്ളൂ. അഭ്യന്തര സംഘര്‍ഷമുള്ളതിനാല്‍ ലിബിയയിലേക്കും ഇറാഖിലേക്കും നഴ്‌സുമാര്‍ പോകരുതെന്ന് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് വന്നിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറും ഉദ്യോഗാര്‍ഥികളോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പത്ര സമ്മേളനത്തില്‍ ഒഡെപെക്ക് ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, ടോം ജോസ് വടക്കന്‍ എന്നിവരും പങ്കെടുത്തു.

Latest