Connect with us

Kerala

പാര്‍ട്ണര്‍ കേരള മിഷനും നഗരസഭകളും ധാരണാപത്രം ഒപ്പുവെച്ചു

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക പരിമിതിയും സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ തടസം നേരിടുന്ന നഗരസഭകള്‍ക്ക് ഏറ്റവും ഗുണപ്രദമായ സംരംഭമാണ് പാര്‍ട്ണര്‍ കേരള മിഷനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ണര്‍ കേരള മിഷനും നഗരസഭകളും തമ്മില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭകള്‍ക്ക് പിന്തുണ നല്‍കുകയാണ് പാര്‍ട്ണര്‍ കേരള മിഷന്റെ ലക്ഷ്യം. പദ്ധതി നടപ്പാക്കാന്‍ നഗരസഭകളുടെയോ മുനിസിപ്പാലിറ്റികളുടേയോ ഒരിഞ്ചുഭൂമിപോലും വില്‍പ്പന നടത്തില്ലെന്നും ഇതു സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗരസഭകളുടെ അധീനതയിലുള്ളതും ഉപയോഗശൂന്യമായി കിടക്കുന്നതുമായ ഭൂമിയാണ് ജനോപകരപ്രദമായ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നത്. പദ്ധതികള്‍ക്കായി പണം മുടക്കുന്നതിന് സ്വകാര്യ ഏജന്‍സികളായിരിക്കുമെങ്കിലും ഭൂമിയുടെ ഉടമസ്ഥത നഗരസഭകള്‍ക്ക് തന്നെയായിരിക്കും. സ്വന്തം വിഭവശേഷിയും സാങ്കേതിക പരിജ്ഞാനവും കൊണ്ട് നഗരസഭകള്‍ക്ക് നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളാണ് ഇങ്ങനെ നടപ്പാക്കുക. 31 നഗരസഭകളുടെ 41 പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്.
ഇവയുടെ വിജയം നഗരസഭകളെ ആശ്രയിച്ചാണിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജയപ്രദമാവുകയാണെങ്കില്‍ രാജ്യത്തിനാകെ മാതൃകയാവുന്ന ഒന്നായി പാര്‍ട്ണര്‍ കേരള മിഷന്‍ മാറുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ ടോണി ചിമ്മണി, കൊല്ലം മേയര്‍ ഹണി ബഞ്ചമിന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം സി പി ജാണ്‍, നഗരകാര്യ വകുപ്പ് സെക്രട്ടറി എ പി എം. മുഹമ്മദ് ഹനീഷ്, പാര്‍ട്ണര്‍ കേരള മിഷന്‍ സി ഇ ഒ. ഇ കെ പ്രകാശ്, കിറ്റ്‌കോ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest