Connect with us

Wayanad

ഭുവനേശ്വരന്റെ മരണം: സ്‌പെഷ്യല്‍ സംഘത്തെ നിയോഗിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: റാക്കോട് എസ്‌റ്റേറ്റ് തൊഴിലാളി മേല്‍ റാക്കോട് സ്വദേശി ഭുവനേശ്വരന്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നീലഗിരി ജില്ലാ പോലീസ് സൂപ്രണ്ട് ശെന്തില്‍കുമാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡി വൈ എസ് പി ഗോപിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഭുവനേശ്വരനെ നെല്ലിമട്ടം തേയില ഫാക്ടറിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ആദ്യം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ വന്യജീവി ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും ഇയാളുടെ ശരീരത്തിലോ മരിച്ച് കിടന്നിരുന്ന സ്ഥലത്തോ കാണാത്തതാണ് മരണം സംശയത്തിന് ഇടയാക്കിയത്.
വലതുഭാഗത്ത് ചെവിയുടെ ഭാഗത്തായി ആഴത്തിലുള്ള മുറിവാണ് കാണപ്പെട്ടത്. വന്യജീവികളുടെ രോമമോ മറ്റോ കണ്ടെത്താനും സാധിച്ചിരുന്നില്ല. ആക്രമണ സമയത്ത് വന്യജീവികളെ കാണാനും സാധിച്ചിരുന്നില്ല. മേല്‍ റാക്കോടിലേക്ക് എല്ലാ സമയത്തും ബസില്ലാത്തതിനാല്‍ ഇയാള്‍ ഗൂഡല്ലൂരില്‍ പോയി നെല്ലാക്കോട്ടയില്‍ ബസിറങ്ങി തേയിലക്കാട്ടിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു. ഇതിനിടക്കാണ് ആക്രമണം നടന്നിരിക്കുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. നെല്ലിമട്ടം ഫാക്ടറിയുടെ പാറാവുകാരനാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. വന്യജീവി ആക്രമണമല്ലെങ്കില്‍ കൊലപാതകമായിരിക്കുമെന്നാണ് അനുമാനിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ ഇതിന് സ്ഥിരീകരണമുണ്ടാകുകയുള്ളു.

Latest