ഭിന്ന ശേഷിയുള്ളവര്‍ അരങ്ങുണര്‍ത്തുന്ന റീഡ്-കളേഴ്‌സിന് 22ന് തിരി തെളിയും

Posted on: March 21, 2015 11:26 am | Last updated: March 21, 2015 at 11:26 am
SHARE

പാലക്കാട്: ലോക തീയേറ്റര്‍ ദിനത്തോടാനുബന്ധിച്ച് 27 ഭിന്നശേഷിയുള്ളവര്‍ അരങ്ങുണര്‍ത്തുന്ന ആറ് ദിവസം നീണ്ട് നില്‍ക്കുന്ന റീഡ്-കളേഴ്‌സ് ചില്‍ഡ്രസ് ഫെസ്റ്റിന് 22ന് ചെമ്പൈ സംഗീത കോളജില്‍ കാലത്ത് പത്തിന് തിരിതെളിയും.
27ന് റീഡ് സെന്ററില്‍ ഫെസ്റ്റ് സമാപിക്കും. കളിപ്പാവകളുടെ നിര്‍മാണവും പാവകളിയും ഭിന്നശേഷിയുള്ളവര്‍ക്ക് പരിശീലിപ്പിക്കുന്ന ആര്‍ക്കും പാവ നിര്‍മിക്കാം എന്ന കൗതുകവും രസകരവുമായ കലാവിരുന്നില്‍ മറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേദി പങ്കിടാം. പാവകളി കലാകാരന്‍മാരായ പ്രേംജിയും സുബ്രഹ്മണ്യനുമാണ് ക്യാംപ് നയിക്കുന്നത്. ഡോ. ജെ എസ് സുജിത്ത് അധ്യക്ഷത വഹിക്കും.ഡി വൈ എസ് പി വി എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
കൈകളില്ലാതെ കാലുകള്‍ കൊണ്ട് ചിത്ര രചന നടത്തുന്ന പ്രണവ് ഉള്‍പ്പെടെയുള്ളവരുടെ ചിത്ര പ്രദര്‍ശനവും ഇതോടൊപ്പമുണ്ട്. വൈകീട്ട് നാലരക്ക് വര്‍ണ്ണോത്സവം നടക്കും.
26ന് അമ്മ മനസ്സ് സെമിനാര്‍നടക്കും. തുടര്‍ന്ന് അതിജീവനത്തിന്റെ വഴികള്‍ സിനിമ പ്രദര്‍ശിപ്പിക്കും. 27ന് വേള്‍ഡ് തീയേറ്റര്‍ ഡേ സെമിനാറില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് തീയേറ്റര്‍ രംഗത്തേക്കുള്ള ചുവട് വെപ്പുകള്‍, മാറ്റങ്ങള്‍, സാധ്യതകള്‍ വിഷയം ചര്‍ച്ച ചെയ്യും.
23 മുതല്‍ 27 വരെയുള്ള പരിപാടികല്‍ റീഡ് സെന്റര്‍ വേദിയിലാണ് ദിവസവും കാലത്ത് 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുക.
താത് പര്യമുള്ളവര്‍ രവിതൈക്കാട്ട്, സെക്രട്ടറി, റീഡ് സെന്റര്‍, പാലക്കാട് വിലാസത്തിലോ. 996113331 നമ്പറിലോ ബന്ധപ്പെടണം.