ഒബാമയുടെ കുറ്റസമ്മതം

Posted on: March 21, 2015 12:25 am | Last updated: March 21, 2015 at 12:25 am
SHARE

ഭീകര സംഘടനയായ ഇസിലിന്റെ പിറവിയെക്കുറിച്ചു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ അനന്തരഫലമാണ്, മുസ്‌ലിം ലോകത്തിനും അമേരിക്കക്കും പാശ്ചാത്യന്‍ ശക്തികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ഇസിലിന്റെ പിറവിയെന്നാണ് വാര്‍ത്താ ചാനലുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ കുറ്റസമ്മതം.
ഇസ്‌ലാമിന്റെ പേരില്‍ രംഗത്തുവന്ന ഭീകര പ്രസ്ഥാനങ്ങളുടെയെല്ലാം പിന്നില്‍ അമേരിക്കയുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ കൈകളുണ്ടെന്നത് പുതിയ അറിവല്ല. വെടക്കാക്കി തനിക്കാക്കുകയാണ് അറേബ്യന്‍, മുസ്‌ലിം നാടുകളില്‍ സംഘര്‍ഷങ്ങളും തീവ്രവാദ പ്രസ്ഥാനങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും ലക്ഷ്യം. സോവിയറ്റ് യൂനിയന്റെ അധിനിവേശത്തെ തുടര്‍ന്നു അഫ്ഗാനിലാണ് മുസ്‌ലിം തീവ്രവാദം, അടുത്ത കാലത്ത് ശക്തി പ്രാപിക്കുന്നത്. സോവിയറ്റ് ഭരണത്തിനെതിരെ പോരാടാന്‍ രൂപവത്കൃതമായ മുജാഹിദുകള്‍ക്കും പിന്നീട് താലിബാനും ആയുധങ്ങളും സാമ്പത്തിക സഹായവും നല്‍കി അവരെ ഒരു ശക്തിയാക്കി മാറ്റിയത് അമേരിക്കയാണ്. ഈ പോരാട്ടത്തിന് കരുത്ത് പകരാന്‍ ഉസാമാ ബിന്‍ ലാദനെ രംഗത്തിറക്കിയതും മറ്റാരുമായിരുന്നില്ല. എന്നാല്‍ നജീബിന്റെ നേതൃത്വത്തിലുള്ള പാവ സര്‍ക്കാറിനെ തുരത്തി താലിബാന്‍ പുതിയ അഫ്ഗാന്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കവെ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ അതിന് തുരങ്കംവെക്കുകയും ആ പ്രക്രിയയെ പരാജയപ്പെടുത്തുകയുമായിരുന്നു. അതോടെ താലിബാനും അല്‍ഖാഇദയും അമേരിക്കക്കെതിരെ തിരിയുകയും വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെടുകയും ചെയ്തപ്പോഴാണ് തങ്ങള്‍ വളര്‍ത്തിയെടുത്ത ഭീകരതയുടെ പ്രത്യാഘാതത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കുന്നത്.
സദ്ദാമിന്റെ കാലത്ത് നടന്ന ഇറാഖ്-ഇറാന്‍ യുദ്ധം, ഇറാഖിന്റെ കുവൈത്ത് അധിനിവേശവും തുടര്‍ന്നുള്ള അമേരിക്കന്‍ നടപടികളും തുടങ്ങി അറബ് മേഖലയിലെ മിക്ക സംഘര്‍ഷത്തിനു പിന്നിലും സയണിസത്തിന്റെയോ സി ഐ എയുടെയോ ചരടു വലികള്‍ കാണാം. അറബ് സമൂഹത്തിന്റെ സമാധാനം നശിപ്പിക്കാനും മേഖലയില്‍ അമേരിക്കക്ക് ആധിപത്യമുറപ്പിക്കാനുമായിരുന്നു ഈ സംഘര്‍ഷങ്ങളത്രയും. മുസ്‌ലിം ലോകത്ത് ഭിന്നിപ്പിന്റെയും തീവ്രതയുടെയും വിത്ത് വിതച്ച വഹാബിസവും മൗദൂദിസവും തുടങ്ങി തിരുത്തല്‍ വാദി പ്രസ്ഥാനങ്ങളെല്ലാം പാശ്ചാത്യ ഉത്പന്നങ്ങളാണല്ലോ. അന്യായമായ അധിനിവേശത്തിലൂടെ തങ്ങളുടെ നാടുകള്‍ കൊള്ളയടിക്കുകയും സാംസ്‌കാരിക പൈതൃകം നശിപ്പിക്കുകയുമാണ് പാശ്ചാത്യ ഭരണകൂടങ്ങളുടെ ലക്ഷ്യമെന്ന് ബോധ്യമായപ്പോഴാണ് ഇസില്‍, ബോകോഹറാം തുടങ്ങിയ ഭീകരവാദ സംഘടനകള്‍ പിറവിയെടുത്തത്. ആഗോളതലത്തില്‍ ഇസ്‌ലാമിന്റെ മുഖച്ഛായ വികൃതമാക്കാനും ആശയങ്ങളെ തെറ്റിദ്ധരിപ്പക്കാനും സയണിസം പടച്ചു വിട്ടതാണ് ഇസില്‍ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഭീകരസംഘടനകളില്‍ പലതിന്റെയും നേതൃത്വത്തിലിരിക്കുന്നവര്‍ ഇസ്‌റാഈല്‍ ചാരസംഘടനയുടെ പരിശീലനം സിദ്ധിച്ചവരാണെന്ന വാര്‍ത്ത ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇസിലിന്റെ കൊടും ക്രൂരതകളും ഫലസ്തീനികള്‍ക്കെതിരായ ജൂത പൈശാചികതയും തമ്മില്‍ ഏറെ സാമ്യമുണ്ടെന്നതും യാദൃച്ഛികമാകാനിടയില്ല.
ഇസ്‌ലാമിനെ പ്രതിസ്ഥാനത്തു നിര്‍ത്തി മുസ്‌ലിം സ്വാധീന മേഖലകളില്‍ തങ്ങള്‍ക്ക് സൈനികവും സാംസ്‌കാരികവുമായ അധിനിവേശം നടത്താന്‍ അവസരമൊരുക്കുക, ഇസ്‌ലാമിക സമൂഹത്തില്‍ കൂടുതല്‍ ഭിന്നിപ്പും ശൈഥില്യവും സൃഷ്ടിച്ചു വംശീയ ഉന്മൂലനത്തിന് ഗതിവേഗം വര്‍ധിപ്പിക്കുക എന്നിവയാണ് ഭീകര പ്രസ്ഥാനങ്ങളെ പടച്ചുവിടുകയോ പോറ്റിവളര്‍ത്തുകയോ ചെയ്യുന്നതിലൂടെ പാശ്ചാത്യ മുസ്‌ലിംവിരുദ്ധ ലോബി ലക്ഷ്യം വെക്കുന്നത്. മൂന്ന് അല്‍ഖാഇദക്കാരെ തിരഞ്ഞ് സോമാലിയയില്‍ 80,000 മുസ്‌ലിംകളെയും ഇല്ലാത്ത രാസായുധത്തിന്റെ യും തെളിയിക്കപ്പെടാത്ത സെപ്തംബര്‍ 11- ഉസാമാ ബന്ധത്തിന്റെയും പേരില്‍ ഇറാഖിലും അഫ്ഗാനിലുമായി 20 ലക്ഷത്തിലേറെ പേരെയുമാണ് പാശ്ചാത്യ ശക്തികള്‍ കൊന്നൊടുക്കിയതെന്നറിയമ്പോള്‍, മുസ്‌ലിം ഭീകരത ആര്‍ക്കാണ് ഗുണം ചെയ്യുന്നതെന്നും അതിന്റെ പ്രായോക്താക്കള്‍ ആരെന്നും കൂടുതല്‍ വ്യക്തമാകുന്നു. ഒരര്‍ഥത്തില്‍ കുരിശു യുദ്ധത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇല്ലാത്ത ഒരു ശത്രുവിനെക്കുറിച്ച് ഭീതി പരത്തി സാമ്രാജ്യത്വം നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ തന്ത്രങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും. ഭീകരതക്കെതിരെയെന്ന പേരില്‍ അരങ്ങേറുന്ന ഈ വംശീയ ഉന്മൂലന നടപടികള്‍ വിപരീതഫലമേ ഉളവാക്കുകയുള്ളുവെന്ന്, ഈ മേഖലയിലെ പുത്തന്‍ സംഘടനകളുടെ പിറവി ബോധ്യപ്പെടുത്തുന്നുണ്ട്. ഈ തിരിച്ചറിവായിരിക്കുമോ ഒബാമയുടെ പ്രസ്താവനക്കു പ്രചോദകം? എങ്കില്‍ അനധികൃത സൈനിക നടപടികളും സാസ്‌കാരിക അധിനിവേശവും അവസാനിപ്പിച്ച് അറബി, മുസ്‌ലിം ജനതയെ സമാധാനപരമായും സൈ്വരമായും ജീവിക്കാന്‍ അനുവദിക്കുകയാണ് അതിനുള്ള പ്രായശ്ചിത്തം.