നീര പദ്ധതിയും വകുപ്പു യുദ്ധവും

Posted on: March 20, 2015 6:00 am | Last updated: March 20, 2015 at 1:05 am
SHARE

SIRAJ.......സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നീര പദ്ധതി കാര്‍ഷിക, എക്‌സൈസ് വകുപ്പുകള്‍ തമ്മിലുള്ള ഭിന്നത മൂലം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നീര ബോര്‍ഡ് നിര്‍ദേശിക്കുന്നവര്‍ക്കാണ് നീര പാനിയം ചെത്താനുള്ള അനുമതി നല്‍കേണ്ടത്. എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദേശം മറികടന്നു കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള നാളികേര വികസന ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത 178 കേര കര്‍ഷക ഫെഡറേഷനുകള്‍ക്കാണ് എക്‌സൈസ് വകുപ്പ് ലൈസന്‍സ് നല്‍കിയത്. ഫെഡറേഷനുകള്‍ ചേര്‍ന്ന് 16 കമ്പനികള്‍ രൂപവത്കരിക്കുകയും അവര്‍ നീര ഉത്പാദനം ആരംഭിക്കുകയും ചെയ്തു. എക്‌സൈിന്റെ ഈ നടപടി തുടര്‍ന്നാല്‍ ഗുണമേന്മയുള്ള നീര ഉത്പാദിപ്പിക്കാന്‍ കഴിയില്ലെന്നും തെങ്ങുള്ളവര്‍ക്കെല്ലാം നീര ചെത്താന്‍ അനുമതി നല്‍കണമെന്നുമാണ് കൃഷിമന്ത്രി കെ പി മോഹനന്റെ പക്ഷം. നീര പദ്ധതി എക്‌സൈസ് വകുപ്പ് ഏകപക്ഷീയമായി നടപ്പാക്കുകയാണെന്നും കാര്‍ഷിക വകുപ്പിന് പരാതിയുണ്ട്. ഇതേച്ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ വകുപ്പു മന്ത്രിമാര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി.
തെങ്ങുള്ളവര്‍ക്കെല്ലാം ലൈസന്‍സ് നല്‍കിയാല്‍ നീര പദ്ധതി കൊണ്ടുദ്ദേശിക്കുന്ന പ്രയോജനമോ ലാഭമോ ലഭിക്കില്ലെന്നും ഇതിന്റെ മറവില്‍ വ്യാജന്‍മാര്‍ അരങ്ങുതകര്‍ക്കുമെന്നുമാണ് എക്‌സൈസ് വകുപ്പിന്റെ വാദം. കാര്‍ഷിക വകുപ്പിന് കീഴിലുള്ള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനും കോക്കനട്ട് ഡവലപ്പ്‌മെന്റ് കോര്‍പറേഷനും അബ്കാരി ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് എക്‌സൈസിന് നീര ഉത്പാദനത്തിന് അനുമതി നല്‍കിയത്. ഈ പദ്ധതിക്കായി രൂപവത്കരിച്ച ഉന്നതതല സമിതിയിലെ കൃഷിവകുപ്പ് ഡയറക്ടറോ കാര്‍ഷിക സര്‍വകലാശാല പ്രതിനിധികളോ ഇതുവരെ തടസ്സവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പദ്ധതി അട്ടിമറിക്കാനാണ് പുതിയ വാദഗതികളുമായി കൃഷിമന്ത്രി രംഗത്തുവന്നതെന്നും എക്‌സൈസ് വകുപ്പ് ആശങ്കപ്പെടുന്നു. അതിനിടെ കാര്‍ഷിക വകുപ്പിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നീര ചെത്തുന്നതിന് നല്‍കിയ മുഴുവന്‍ ലൈസന്‍സും മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കമുണ്ടായിരുന്നു. പ്രായോഗികമല്ലെന്ന് കണ്ട് അത് ഉപേക്ഷിക്കുകയാണുണ്ടായത്.
തെങ്ങിന്റെ വിരിയാത്ത പൂങ്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ അംശമില്ലാത്ത പ്രകൃതിദത്ത പാനീയമാണ് നീര. പഞ്ചസാര, ധാതുക്കള്‍ ലവണങ്ങള്‍, ജീവകങ്ങള്‍ എന്നിവയുടെ കലവറയാണത്. പാരമ്പര്യചികിത്സാ സമ്പ്രദായങ്ങളില്‍ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചക്കര, പഞ്ചസാര, സിറപ്പ്, തേന്‍, ചോക്ലേറ്റ്, മിഠായി, ജാം, കേക്ക് തുങ്ങിയ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ഇതില്‍ നിന്ന് ഉണ്ടാക്കാന്‍ സാധിക്കും. കേരളത്തിലും വിദേശ രാജ്യങ്ങളിലും ഒരുപോലെ വിപണനസാധ്യതയുള്ളതാണ് ഈ ഉത്പന്നങ്ങള്‍. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലന്റ്, മലേഷ്യ, ശ്രീലങ്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ നീരയും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിച്ചു വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് ജോലി സാധ്യത കൂടിയുള്ള ഈ പദ്ധതി തൊഴിലില്ലായ്മക്കും തകര്‍ച്ചയെ നേരിടുന്ന കേരകൃഷിയുടെ പുനരുജ്ജീവനത്തിനും വലിയൊരളവോളം പരിഹാരമാകും. കേരളത്തില്‍ ആകെയുള്ള തെങ്ങുകളുടെ ഒരു ശതമാനം നീരയുത്പാദനത്തിന് വിനിയോഗിച്ചാല്‍ ഒരു ലക്ഷം തൊഴിലാളികളെ ആവശ്യമായി വരുമെന്നും ഒരു തൊഴിലാളിക്ക് മാസം 30,000 രൂപയോളം വരുമാനമായി ലഭിക്കുമെന്നുമാണ് നാളികേര വികസന ബോര്‍ഡ് കണക്കാക്കുന്നത്. ഏകദേശം 18 കോടിയോളം തെങ്ങുകളുള്ള കേരളത്തില്‍ ഒരു ശതമാനം തെങ്ങുകളെങ്കിലും കുറഞ്ഞത് ആറ് മാസക്കാലം നീരയുത്പാദത്തിന് വിനിയോഗിച്ചാല്‍ 2,000 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ നിഗമനം.
പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ ഡോ. എം എസ് സ്വാമിനാഥന്‍, നീര ഉത്പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. 2002ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ദിനേശ് ശര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ടിലും കര്‍ഷകന് നീര ചെത്താനുള്ള അനുവാദം നല്‍കണമെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിച്ചു പ്രവര്‍ത്തിച്ചെങ്കിലല്ലേ പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുകയുള്ളൂ. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്താല്‍ പദ്ധതികളുടെ പ്രവര്‍ത്തനത്തിന് വിഘാതമാകുന്ന പ്രവണത സംസ്ഥാനത്ത് പതിവായിട്ടുണ്ട്. റോഡ് അറ്റകുറ്റപ്പണികള്‍ യഥാസമയം നിര്‍വഹിക്കാന്‍ സാധിക്കാത്തത് ധനവകുപ്പിന്റെ നിസ്സഹകരണം കൊണ്ടാണെന്ന് പൊതുമരാമത്ത് മന്ത്രി പരാതിപ്പെട്ടത് അടുത്തിടെയാണ്. അട്ടപ്പാടി വികസനം, ശബരിമല വികസനം, കുട്ടനാട് പാക്കേജ് തുടങ്ങി ഒട്ടേറെ പദ്ധതികള്‍ മുരടിച്ചത് വകുപ്പുകള്‍ക്കിടയിലെ അധികാരത്തര്‍ക്കവും സഹകരണമില്ലായ്മയും കാരണമാണ്. നീര പദ്ധതിക്കു ഈ ഗതികേട് വരാനിടയാകരുത്. മുഖ്യമന്ത്രി ഇടപെട്ടു വകുപ്പുകള്‍ തമ്മിലുള്ള ഭിന്നത പരിഹരിച്ചു പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം.