Connect with us

National

കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കും: അമിത് ഷാ

Published

|

Last Updated

അഹ്മദാബാദ്: തന്റെ പാര്‍ട്ടി ദേശീയ താത്പര്യത്തില്‍ വിട്ടുവീഴ്ച്ചക്കു തയ്യാറല്ലെന്നും കാശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമായില്ലെങ്കില്‍ പി ഡി പിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഈ രാജ്യത്തെ ജനങ്ങള്‍ ഞങ്ങളെ ദൈവത്തെപ്പോലെ അനുഗ്രഹിച്ചിട്ടുണ്ട്. ജമ്മു കാശ്മീരില്‍ അധികാരത്തിലിരിക്കാന്‍ വേണ്ടി മാത്രം ബി ജെ പി ഒരിക്കലും ദേശീയ താത്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കില്ല. തന്റെ നിയമസഭാ മണ്ഡലമായ നരന്‍പുരയില്‍ ബി ജെ പി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിത്ഷാ.
കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടിയാണ് കാശ്മീരില്‍ സര്‍ക്കാര്‍ രുപവത്കരിച്ചതെന്നും ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്ത പക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ പി ഡി പിയുമായുള്ള സഖ്യസര്‍ക്കാറിനൊപ്പം നില്‍ക്കാന്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി രാജ്യ താത്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കണമെന്നും അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
അതേസമയം, ദേശീയ താത്പര്യത്തിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നതെന്ന അമിത് ഷായുടെ പ്രസ്താവന വെറുതെയാണെന്നും പി ഡി പി- ബി ജെ പി ബന്ധം വഷളാകുന്ന തരത്തില്‍ അമിത് ഷാ ഒന്നും പറയില്ലെന്നും ബി ജെ പി വക്താവ് ഹര്‍ശാദ് പട്ടേല്‍ ഗുജറാത്തില്‍ പറഞ്ഞു. ഈയിടെ ഹുര്‍റിയത് നേതാവ് മസ്‌റത് ആലമിനെ മോചിപ്പിച്ച കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ തീരുമാനത്തിനെ തുടര്‍ന്ന് ബി ജെ പിക്ക് പി ഡ പിയോട് ശക്തമായ രോഷം നിലനില്‍ക്കുന്നുണ്ട്.