Connect with us

Kerala

ഡല്‍ഹി ഭരണം പോയപ്പോള്‍ ജോലി നഷ്ടപ്പെട്ട കോണ്‍. നേതാവും കുടുംബവും നിത്യവൃത്തിക്ക് വകയില്ലാതെ ദുരിതത്തില്‍

Published

|

Last Updated

ചേര്‍ത്തല: ഭരണം പോയതോടെ ഡല്‍ഹി കോണ്‍ഗ്രസ് ഓഫീസിലെ ജോലി നഷ്ടമായി നാട്ടില്‍ തിരിച്ചെത്തിയ മലയാളി ഭാര്യയും അഞ്ച് മക്കളുമായി ഒറ്റമുറി ലോഡ്ജില്‍ നിത്യവൃത്തിക്ക് വകയില്ലാതെ വിഷമിക്കുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്ന കെ എസ് നായരും (48) ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ അഞ്ച് മക്കളുമാണ് ചേര്‍ത്തലയില്‍ ലോഡ്ജില്‍ ദയനീയാവസ്ഥയില്‍ കഴിയുന്നത്. ഇവര്‍ നേരത്തെ കടുത്തുരുത്തിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ കുടിശ്ശികയായതോടെ അവര്‍ കുട്ടികളുടെ യൂനിഫോമും പാഠപുസ്തകങ്ങളും പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പരീക്ഷയും എഴുതാന്‍ കഴിഞ്ഞില്ല. കൂട്ട ആത്മഹത്യക്ക് തുനിഞ്ഞ ഇവരെ പരിചയക്കാരനും ഐ എന്‍ ടി യു സി പ്രാദേശിക നേതാവുമായ കെ ഗോപിനാഥന്‍ നായരാണ് ആഹാര സാധനങ്ങളും വസ്ത്രങ്ങളും വാങ്ങി നല്‍കുകയും ഇവര്‍ക്ക് ലോഡ്ജില്‍ മുറിയെടുത്ത് നല്‍കുകയും ചെയ്തത്.
കടുത്തുരുത്തി സ്വദേശിയായ കെ എസ് നായര്‍ മൂപ്പത് വര്‍ഷത്തോളമായി ഡല്‍ഹിയിലായിരുന്നു. ഇതിനിടെ ഇളയകുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടാകുകയും കുടുംബവുമായി നാട്ടിലെത്തി കുട്ടിക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. കുടുംബത്തെ നാട്ടില്‍ വാടകവീട്ടില്‍ താമസിപ്പിച്ചശേഷം നായര്‍ ഡല്‍ഹിക്ക് മടങ്ങി. നാട്ടിലെ നായരുടെ വീടും സ്ഥലവും ബന്ധു വ്യാജരേഖ കാട്ടി കൈവശപ്പെടുത്തിയെന്ന് മനസ്സിലാക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ നായരുടെ കുടുംബത്തിന് ഗുണ്ടകളുടെ ശല്യമായി. ഇതിനിടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാകുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തത്.
തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ നായര്‍ക്ക് വീടിന്റെ വാടക നല്‍കുവാന്‍ കഴിയാതെ വന്നതോടെ പുറത്താകുകയായിരുന്നു. തുടര്‍ന്നാണ് ജോലി തേടി കുട്ടികളോടൊപ്പം ചേര്‍ത്തലയിലെത്തിയത്.
മലയാളം അറിയാത്ത ഭാര്യയും മക്കളുമായി ഏറെ അലഞ്ഞിട്ടും ജോലി ലഭിക്കാതെ വരികയും രണ്ട് ദിവസത്തോളമായി പട്ടിണിയിലാകുകയും ആയതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് നായര്‍ പറയുന്നു. ഇതിനിടെയാണ് ഗോപിനാഥന്‍ നായര്‍ കാര്യങ്ങള്‍ അന്വേഷിക്കുകയും താത്കാലിക പരിഹാരമുണ്ടാക്കുകയുമായിരുന്നു. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം ഹിന്ദിയിലേക്ക് തര്‍ജമ ചെയ്തതും നായരായിരുന്നു. ഡല്‍ഹി സ്വദേശിയായ കുംകുമ്മാണ് ഭാര്യ.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ശശി ശേഖര്‍ സായി,എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അപര്‍ണ, ഏഴാം ക്ലാസ് വിദ്യാര്‍ഥി ജയകൃഷ്ണന്‍, മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ കാജല്‍,ആഷിഷ് എന്നിവരാണ് മക്കള്‍.

Latest