Connect with us

Kerala

മഹല്ല് കമ്മിറ്റി: സ്ത്രീ പ്രാതിനിധ്യ വാദം അനിസ്‌ലാമികം- എസ് എം എ

Published

|

Last Updated

കോഴിക്കോട്: മഹല്ല് കമ്മിറ്റികളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന വാദം പൂര്‍ണമായും അനിസ്‌ലാമികവും നിലനില്‍ക്കാത്തതുമാണെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
വഖ്ഫ് ബോര്‍ഡില്‍ സ്ത്രീ പ്രാതിനിധ്യം വന്നുവെന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലോ മതപണ്ഡിതരുടെ അംഗീകാരത്തോടെയോ അല്ല. ഈ നിയമം ഇന്ത്യന്‍ പാര്‍ലിമെന്റിനകത്ത് ഒരു ഇസ്‌ലാമിക പണ്ഡിത സഭയുടെ പിന്‍ബലത്തോടെയല്ല പാസാക്കിയത് എന്നത് ശ്രദ്ധേയമാണ്. എന്നിട്ടും വഖ്ഫ് ബോര്‍ഡിലെ വനിതാ മെമ്പര്‍ സ്ഥാനം ചൂണ്ടിക്കാണിച്ച് മഹല്ല് കമ്മിറ്റികളില്‍ സ്ത്രീ പ്രാതിനിധ്യം ആവശ്യപ്പെടുന്നത് ശരീഅത്തിനെ കുറിച്ചുള്ള വിവരക്കേടുകൊണ്ടാണ്.
ഭരണസമിതികളിലും ഖാസി, ഖത്വീബ് തുടങ്ങിയവയിലും ഇസ്‌ലാം സ്ത്രീ സാന്നിധ്യം അംഗീകരിക്കുന്നില്ല. ഇത് വേണമെന്ന് പറയുന്നവര്‍ നടത്തുന്ന മഹല്ല് കമ്മിറ്റികളിലും മസ്ജിദുകളിലും ഖാസി, ഖത്വീബ്, ഇമാം എന്നീ സ്ഥാനങ്ങളില്‍ സ്ത്രീകളെ നിയമിച്ചിട്ടില്ല. ഇക്കാലമത്രയും പാലിച്ചുപോന്ന ഈ നിയമവ്യവസ്ഥിതികള്‍ക്ക് എതിരെ ശബ്ദിച്ച് സമുദായത്തെ ഭിന്നിപ്പിക്കുകയും പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്ന ഇത്തരം കക്ഷികളെ സമുദായം കരുതിയിരിക്കണമെന്ന് എസ് എം എ ആവശ്യപ്പെട്ടു.
സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

 

Latest