വാട്‌സ് ആപ്പ് കോളുകള്‍ യു എ ഇയില്‍ ലഭ്യമാവില്ല

Posted on: March 18, 2015 8:13 pm | Last updated: March 18, 2015 at 8:14 pm
SHARE

whatsapp-calling-feature-enabled-get-inviteഅബുദാബി: ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാട്‌സ്ആപ്പ് കോള്‍ സേവനം രാജ്യത്ത് ലഭ്യമാവില്ല. യു എ ഇയിലെ ടെലികോം കമ്പനികളായ ഇത്തിസലാത്തിനും ഡുവിനും മാത്രമേ നിലവില്‍ രാജ്യത്ത് വോയ്പ് കോള്‍ സേവനം നല്‍കാന്‍ അധികാരമുള്ളൂവെന്നതാണ് ഇതിന് കാരണമാകുന്നത്.
ഏതാനും ദിവസങ്ങളായി വാട്‌സ്ആപ്പ് പ്രേമികള്‍ കോള്‍ സൗകര്യം ലഭിക്കാനുള്ള സോഫ്റ്റ് വെയറുകള്‍ക്ക് പിറകേയായിരുന്നു. ഇത്തിസലാത്താണ് വാട്‌സ്ആപ്പ് കോളുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ തടസം സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം പലര്‍ക്കും ഇന്നലെയും വാട്‌സ്ആപ്പ് കോളുകള്‍ ലഭിച്ചിട്ടുണ്ട്. ഇത്തിസലാത്ത് വാട്‌സ്ആപ്പ് വോയ്പ് കോള്‍ സേവനം തടയാന്‍ സജ്ജമാക്കിയിരിക്കുന്ന സംവിധാനം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ രാജ്യത്ത് ഇത്തിസലാത്ത് സിം ഉപയോഗിക്കുന്ന ആര്‍ക്കും വാട്‌സ്ആപ്പിലൂടെ വോയിപ് കോള്‍ വിളിക്കാന്‍ സാധ്യമാവില്ലെന്ന് ഇത്തിസാലാത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേ സമയം ഡുവിന്റെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വാട്‌സ്ആപ്പ് വോയ്പ് കോള്‍ ലഭിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഡുവും ഇത്തിസലാത്തിന്റെ പാതയിലേക്ക് നീങ്ങുന്നതിനാല്‍ ഇവര്‍ക്കും അധികം വൈകാതെ കോള്‍ സേവനം അപ്രാപ്യമാവും. വോയ്പ് കോള്‍ നല്‍കാനുള്ള അധികാരം ഇത്തിസാലാത്തിനും ഡുവിനും മാത്രമാണുള്ളതെന്ന് ട്രാ(ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി) വ്യക്തമാക്കി.