Connect with us

Gulf

വരുന്നത് ജോലിസാധ്യതയുടെ നാളുകള്‍

Published

|

Last Updated

യു എ ഇയില്‍ തൊഴിലവസരം വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈയില്‍ നടക്കുമെന്നതാണ് കാരണം. അടുത്ത ആറു മാസത്തില്‍ നിരവധി കമ്പനികള്‍ റിക്രൂട്ടുമെന്റുകള്‍ നടത്തുമെന്ന് “നൗക്രി ഗള്‍ഫ്” പഠനം വെളിപ്പെടുത്തുന്നു. 355 സ്ഥാപനങ്ങളോടാണ് അഭിപ്രായം ചോദിച്ചത്. പത്തില്‍ ആറ് കമ്പനികളും അനുകൂലമായ സമീപനമാണ് പുലര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പ്രതീക്ഷ നല്‍കുന്നതാണ് ഈ വര്‍ഷമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എണ്ണ വിലയിടിവ് യു എ ഇയുടെ വികസനത്തെ ബാധിക്കില്ല. വിനോദ സഞ്ചാരം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ എല്ലാ എമിറേറ്റുകളും വെന്നിക്കൊടി പാറിക്കുകയാണ്.
വേള്‍ഡ് എക്‌സ്‌പോ ദുബൈയിലാണ് നടക്കുന്നതെങ്കിലും അതിന്റെ ഗുണം എല്ലാ എമിറേറ്റുകള്‍ക്കും ലഭിക്കും. ഒരു പക്ഷേ അബുദാബിക്കാണ് കൂടുതല്‍ നേട്ടം. ദുബൈയിലെ ജബല്‍ അലിയിലാണ് വേള്‍ഡ് എക്‌സ്‌പോയുടെ പ്രധാനവേദി. 2020 ആകുമ്പോഴേക്കും ഇത്തിഹാദ് റെയില്‍ യാഥാര്‍ഥ്യമാകും. സഊദി അറേബ്യയുടെ അതിര്‍ത്തിയില്‍ നിന്നുവരെ ദുബൈയിലേക്ക് ജനങ്ങളുടെ ഒഴുക്ക് പ്രതീക്ഷിക്കാം.
വരുന്ന അഞ്ചുവര്‍ഷത്തേക്ക് വന്‍ പദ്ധതികളാണ് അബുദാബി നഗരാസൂത്രണ കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിശാലമായ വനോദ്യാനം, മെഡിക്കല്‍ കോളജ്, താമസ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 76 പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വനോദ്യാനം അല്‍ ഐനിലാണ് ആലോചിക്കുന്നതെന്ന് നഗരാസൂത്രണ കൗണ്‍സില്‍ എക്‌സി. ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖാദര്‍ പറഞ്ഞു. വന്യ മൃഗങ്ങളുടെ ആവാസ കേന്ദ്രമായി ഉദ്യാനം മാറും. ഇതോടൊപ്പം ബൊട്ടാണിക്കല്‍ ഗാര്‍ഡനും പദ്ധതിയിട്ടുണ്ട്. ഒരു കോടി ചതുരശ്ര മീറ്ററിലാണ് ഉദ്യാനം. അല്‍ മരിയ ഐലന്റിലാണ് കൂറ്റന്‍മാള്‍ വരുന്നത്. നിലവിലെ ഗലേറിയ മാളുമായി ഇതിനെ ബന്ധിപ്പിക്കും.
ദുബൈയില്‍ അനേകം പദ്ധതികള്‍ പുനരാരംഭിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യകാലത്ത് മാറ്റിവെച്ച അലാവുദ്ദീന്‍ സിറ്റി നിര്‍മാണം ഉടന്‍ ആരംഭിക്കും. മൂന്നു ടവറുകളും തൂക്കുപാലങ്ങളും ഉള്‍പ്പെടുന്നതാണിത്. 3,000 കോടി ദിര്‍ഹം ചെലവു ചെയ്ത് അവീറില്‍ ഡിസര്‍ട്ട് റോസ് എന്ന പേരില്‍ വേറൊരു നഗരം വരുന്നുണ്ട്. അതാണ് ആറുമാസത്തിനകം വന്‍തോതില്‍ തൊഴിലവസരങ്ങളുണ്ടാകുമെന്ന് നൗക്രി ഗള്‍ഫ് പഠനം ചൂണ്ടിക്കാട്ടാന്‍ നിദാനം. പുതിയ റിക്രൂട്ട്‌മെന്റുകള്‍ ഉണ്ടാകുമെന്ന് 63 ശതമാനം സ്ഥാപനങ്ങളും 93 ശതമാനം റിക്രൂട്ടിംഗ് ഏജന്‍സികളും സമ്മതിക്കുന്നു. മൂന്നുമുതല്‍ എട്ടുവരെ വര്‍ഷം പരിചയ സമ്പത്തുള്ളവരെയാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. തല്‍ക്കാലം കുറഞ്ഞ ശമ്പളത്തിന് ജോലിയിലേര്‍പ്പെട്ടാലും ഭാവിയില്‍ അത് ഗുണകരമാകുമെന്നര്‍ഥം.

Latest