ഭവന വായ്പാ കുടിശ്ശികയുടെ പേരില്‍ പാവപ്പെട്ടവര്‍ക്കെതിരായ ജപ്തി നടപടി അനുവദിക്കില്ല: സി പി ഐ

Posted on: March 18, 2015 9:55 am | Last updated: March 18, 2015 at 9:55 am
SHARE

കല്‍പ്പറ്റ: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് വായ്പാ കുടിശിക ഈടാക്കുന്നതിന്റെ പേരില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
പലിശയിലും മുടക്ക പലിശയിലും ചെറിയ വിട്ടുവീഴ്ചകള്‍ നല്‍കി നടപ്പാക്കുന്ന വയനാട് പാക്കേജ് ഈ മാസം 31ന് അവസാനിക്കുന്ന മുറയ്ക്ക് വായ്പയും പലിശയും പിഴപലിശയും മുടക്കപലിശയുമെല്ലാം ചേര്‍ത്ത് വന്‍തുക ഈടാക്കാന്‍ ജപ്തി നടപടി സ്വീകരിക്കുമെന്ന് കാണിച്ച് ജില്ലയില്‍ എഴുനൂറോളം പേര്‍ക്ക് ഹൗസിംഗ് ബോര്‍ഡ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. യഥാര്‍ഥ വായ്പയുടെ എട്ടും പത്തും ഇരട്ടി തുക വരെ ഈടാക്കുമെന്ന് കാണിച്ചാണ് നോട്ടീസ്. കഴുത്തറുപ്പന്‍ ബ്ലേഡുകാരെ പോലും പിന്നിലാക്കുന്ന അറവാണ് വായ്പക്കാരോട് ഭവന നിര്‍മാണ ബോര്‍ഡ് പുലര്‍ത്തുന്ന സമീപനം.
പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വീടും കിടപ്പാടവും പോലും വിറ്റാലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത തുകയാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. എല്ലാവര്‍ക്കും ഭവനം എന്നതാണ് ഭവന നിര്‍മാണ ബോര്ഡ് രൂപീകരിച്ചവരുടെ ലക്ഷ്യം. എന്നാല്‍ ബോര്‍ഡിന്റെ ഇപ്പോഴത്തെ നിലപാട് മനുഷ്യരെ കിടപ്പാടം പോലും ഇല്ലാതാക്കുന്നതാണ്. ഇത് അംഗീകരിക്കാനാവില്ല. വയനാട്ടിലെ ഭവന നിര്‍മാണ ബോര്‍ഡില്‍ വായ്പക്കാര്‍ തിരിച്ചടച്ചിട്ടുള്ള തുകയ്ക്ക് പോലും കൃത്യമായ കണക്കില്ലെന്ന ആരോപണം വ്യാപകമാണ്.
രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് അതില്‍ ഒരു ലക്ഷം രൂപ വരെ തിരിച്ചടച്ചിട്ടുള്ളവര്‍ക്ക് പോലും ഇപ്പോള്‍ ലഭിച്ചിട്ടുള്ള നോട്ടീസ് പത്ത് ലക്ഷം രൂപയ്ക്ക് മേല്‍ കുടിശികയുള്ളതായാണ്. യഥാര്‍ഥ മുതലിനേക്കാള്‍ അധികരിച്ച പലിശ ഈടാക്കാന്‍ പാടില്ലെന്ന കോടതി വിധികള്‍ പോലും മാനിക്കാതെയാണ് ഭവന നിര്‍മാണ ബോര്‍ഡിന്റെ നോട്ടീസ്. ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളവരില്‍ മഹാഭൂരിപക്ഷവും നിത്യ ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്ന നാമമാത്ര കര്‍ഷകരോ തൊഴിലാളികളോ ആണ്. ജപ്തി നടപടികളുമായി ബോര്‍ഡും ജില്ലാ ഭരണകൂടവും മുന്നോട്ടുപോയാല്‍ അത് വയനാട്ടില്‍ വലിയ പ്രത്യാഘാതത്തിന് ഇടയാക്കും. അതിനാല്‍ വയനാട് പാക്കേജില്‍ ഉള്‍പ്പെട്ട ഭവന വായ്പകള്‍ പുനപരിശോധന നടത്തി യഥാര്‍ഥ മുതല്‍ മാത്രം തവണകളായി ഈടാക്കി ഇടപാട് തീര്‍ക്കാന്‍ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ വയനാട്ടിലെ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാറും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ആവശ്യപ്പെട്ടു.