Connect with us

Malappuram

15 ലോറി കളിമണ്‍ പിടികൂടി

Published

|

Last Updated

നിലമ്പൂര്‍: അനധികൃതമായി കടത്തുകയായിരുന്ന 15 ലോറി കളിമണ്‍ റവന്യൂ വിഭാഗം പിടികൂടി. നിലമ്പൂരിനടുത്ത വടക്കുംപാടത്തുനിന്നാണ് തിങ്കളാഴ്ച രാത്രി കളിമണ്‍ കടത്തുകയായിരുന്ന വലിയ ടിപ്പര്‍ ലോറികള്‍ പിടികൂടിയത്.
തൃശൂരിലെ ഒല്ലൂരിലേ ഓട് ഫാക്ടറിയിലേക്കുള്ള മണ്ണാണിതെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിലാണ് ലോറികള്‍ കണ്ടെത്തിയത്. ലോറികളെല്ലാം തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതാണ്. പിടിച്ചെടുത്ത ലോറികള്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി. മണ്ണെടുക്കുന്നതിന് പെര്‍മിറ്റ് ഇല്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മമ്പാട് പുള്ളിപ്പാടത്തു നിന്നും അനധികൃതമായി കളിമണ്ണ് കടത്തുകയായിരുന്ന 18 വലിയ ടിപ്പര്‍ ലോറികള്‍ നിലമ്പൂര്‍ പോലീസ് പിടിച്ചെടുത്തിരുന്നു. അന്ന് റവന്യ വകുപ്പിന് ലോറികള്‍ കൈമാറി.
ദിവസങ്ങള്‍ക്കകം തന്നെ റവന്യൂ വകുപ്പ് ലോറികള്‍ വിട്ടുകൊടുത്തു. അന്നും പിടിച്ചെടുത്ത ഉടന്‍ റവന്യൂ വകുപ്പ് അറിയിച്ചിരുന്നത് ലോറികള്‍ക്ക് പെര്‍മിറ്റ് ഉണ്ടായിരുന്നില്ലെന്നാണ്. എന്നാല്‍ വളരെ പെട്ടെന്നാണ് പെര്‍മിറ്റുകള്‍ ലോറി ഉടമകള്‍ അധികൃതര്‍ക്ക് എത്തിച്ചു നല്‍കിയത്. നിലമ്പൂര്‍ മേഖലയിലെ ഉള്‍പ്രദേശത്തുനിന്നും മാസം നൂറ് കണക്കിന് ലോഡ് കളിമണ്‍ കടത്തുന്നുണ്ട്.
റവന്യ, പോലീസ് വിഭാഗങ്ങളുടെ ഒത്താശയോടെയാണ് കടത്തെന്ന് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ പലതവണ വിവരമറിയിക്കുമ്പോള്‍ മാത്രമാണ് ലോറികള്‍ പിടിച്ചെടുക്കാന്‍ റവന്യൂ, പോലീസ് മെനക്കെടുന്നത്.
രാത്രിയിലാണ് കളിമണ്ണുമായി ലോറികള്‍ നിലമ്പൂരില്‍ നിന്നും കടന്നുപോകുന്നത്.

Latest