കിലയുടെ മാതൃക സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

Posted on: March 18, 2015 5:12 am | Last updated: March 18, 2015 at 12:12 am
SHARE

തൃശൂര്‍: കിലയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നു വരുന്ന നിയോജക മണ്ഡലം തലത്തിലുള്ള സമഗ്രവികസന ശില്‍പ്പശാല മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്ന കാര്യം കേന്ദ്രപഞ്ചായത്ത് രാജ് മന്ത്രാലയം സജീവമായി പരിഗണിക്കുന്നു. ഇതു സംബന്ധിച്ച കില ഡയറക്ടര്‍ ഡോ. പി പി ബാലനുമായി കേന്ദ്ര പഞ്ചായത്ത് രാജ് സെക്രട്ടറി എസ് എം വിജയാനന്ദ് ചര്‍ച്ച നടത്തി. സന്‍സദ് ആദര്‍ശ് ഗാമയോജന പദ്ധതിപ്രകാരം ഒരു എം പിക്കു തന്റെ മണ്ഡലത്തില്‍പ്പെട്ട ഏതെങ്കിലും ഒരു പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഒരു വര്‍ഷം ഏറ്റെടുക്കാനാകൂ.

അതേ സമയം, എല്ലാ പഞ്ചായത്തുകളേയും ഏകോപിപ്പിച്ചുകൊണ്ടുള്ള വികസനമാണ് നിയോജക മണ്ഡലം തലത്തിലുള്ള സമഗ്ര വികസനം കൊണ്ട് ലക്ഷ്യമിടുന്നത്. കിലയുടെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍കൂടി സ്വീകരിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.
‘വിഷന്‍ 2030’ ന്റെ ഭാഗമായ സംയോജിത നിയമസഭ വികസന പരിപാടിയാണ് രാജ്യവ്യാപകമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡോക്യുമെന്റേഷന്‍ നടപടി തുടങ്ങാന്‍ കേന്ദ്രപഞ്ചായത്ത് രാജ് – ഗ്രാമവികസന മന്ത്രാലയം കിലക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതിന് ശേഷം മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി പദ്ധതി നടപ്പാക്കും.
എം എല്‍ എ ഫണ്ട് കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കുന്ന പദ്ധതിയാണ് നിയോജക മണ്ഡലം സമഗ്രവികസന ശില്‍പ്പശാല. ഓരോ മണ്ഡലത്തിലും പൊതുജന പങ്കാളിത്തത്തോടെ വികസന സെമിനാറുകള്‍ നടത്തി തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സംസ്ഥാനത്ത് ശില്‍പ്പശാലകള്‍ പൂര്‍ത്തിയായ 91 നിയോജക മണ്ഡലങ്ങളില്‍ പദ്ധതി തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നടപടിയായിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങള്‍ കില ഡയറക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. എസ് എം വിജയാനന്ദിന് പുറമെ അഡീഷ ്‌നല്‍ സെക്രട്ടറി ലക്ഷ്മി ശുക്ല ശര്‍മ, ജോ. സെക്രട്ടറി ശാരദ മുരളീധരന്‍ കില അസോ. പ്രൊഫ.ഡോ. പീറ്റര്‍ എം. രാജ് പങ്കെടുത്തു.