Connect with us

Wayanad

ബൈപ്പാസില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ബൈപ്പാസില്‍ രണ്ടിടങ്ങളില്‍ സ്പീഡ്‌ബ്രേക്കര്‍ സ്ഥാപിച്ചു. ഞായറാഴ്ച ബൈപ്പാസിലെ തിരുഹൃദയ പള്ളി സെമിത്തേരിക്കു സമീപമുണ്ടായ കാര്‍ അപകടത്തില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നടപടി. ജനമൈത്രി ജംഗ്ഷനിലും തിരുഹദയ പള്ളി സെമിത്തേരിക്കു സമീപവുമാണ്. ട്രാഫിക് പോലീസ് താല്‍ക്കാലിക സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചത്. സ്ഥിരമായി സ്പീഡ് ബ്രേക്കറുകളും, സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് വിംസ് ഹോസ്പിറ്റല്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. നാലു വരികളായി ഉയരം കുറഞ്ഞ റമ്പിള്‍ സ്ട്രിപ്പുകളാണ് നിര്‍മ്മിക്കുക. ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന പോക്കറ്റ് റോഡുകളുടെ തുടക്കത്തില്‍ ഹമ്പുകളും സ്ഥാപിക്കും. നിലവില്‍ ബൈപ്പാസ് തുടങ്ങുന്ന കൈനാട്ടി ഭാഗത്തു മാത്രമാണ് റമ്പിള്‍ സ്ട്രിപ്പ് ഉള്ളത്.
റോഡിന്റെ അപകടകരമായ ഭൂ പ്രകൃതി കണക്കിലെടുത്ത് ബൈപ്പാസില്‍ വാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറില്‍ 50 കി.മീറ്ററായ നിശ്ചയിച്ചതായും ആവശ്യമുള്ള സ്ഥലങ്ങളില്‍ ഉടന്‍ സെരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും സൂചനാ ബോര്‍ഡുകളും, വേഗതാ പരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകളും, കാഴ്ചമറക്കും വിധം ഉയര്‍ന്നു നില്‍ക്കുന്ന മണ്‍ത്തിട്ടകള്‍ നിരത്തുകയും ചെയ്യും. അപകട ഭീഷണി ഉയര്‍ത്തുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ സീബ്രാ ലൈന്‍ വരക്കണമെന്നും റോഡിനിരുവശവും നടപ്പാത നിര്‍മ്മിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ആര്‍.ടി.ഒ. പി.എ സത്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അപകട സ്ഥലം സന്ദര്‍ശിക്കുകയും റോഡില്‍ നടപ്പിലാക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി. എം. ഇക്ബാല്‍ പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സി. ശങ്കരന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ. ദിനേഷ് കുമാര്‍, അസി. എം.വി.ഐ. രാജേഷ് കോറോത്ത്, ട്രാഫിക് എസ്.ഐ ജയിംസ് ജോര്‍ജ്ജ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സതീഷ്, ഹംസ, നഗരസഭാ കൗണ്‍സിലര്‍ കെ. അജിത തുടങ്ങിയവര്‍ സംബന്ധിച്ചു..
അതെ സമയം ഞായറാഴ്ച വൈകീട്ട് കല്‍പ്പറ്റ ബൈപ്പാസില്‍ തിരുഹൃദയ പള്ളി ശ്മശാനത്തിനു സമീപമുണ്ടായ കാര്‍ അപകടത്തിന്റെ കാരണം അമിത വേഗതയാണെന്ന് ആര്‍.ടി.ഒ പി.എ സത്യന്‍ അറിയിച്ചു. വാഹനത്തിന്റെ ബ്രേക്ക് കേബിളിനോ മറ്റ് യന്ത്രഭാഗങ്ങള്‍ക്കോ തകരാറില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആളപായമുണ്ടാകുന്ന വിധത്തില്‍ അപകടകരമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ തെനേരി കുട്ടശ്ശേരി അനസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തതായും ആര്‍.ടി.ഒ അറിയിച്ചു.
അപകടത്തില്‍ അനസിന്റെ മാതാവ് ഷെരീഫ(47), സഹോദരി ഹസീന(26) ഹസീനയുടെ മകള്‍ ഷഫ്‌ന ഷെറിന്‍(5) എന്നിവര്‍ മരണപ്പെട്ടിരുന്നു.

Latest