ഭക്ഷ്യ വിപണന രംഗത്ത് ചുവടുറപ്പിക്കാന്‍ കെ ടി ഡി സി

Posted on: March 16, 2015 9:36 am | Last updated: March 16, 2015 at 9:36 am
SHARE

ktdc(3)തിരുവനന്തപുരം: സ്വാദേറും ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ അനായാസം പാകം ചെയ്യുന്നതിനാവശ്യമായ റെഡിമെയ്ഡ് ഉത്പന്നങ്ങളുടെ കലവറയുമായി കെ ടി ഡി സി എത്തുന്നു. ഏറെ മത്സരം നിലനില്‍ക്കുന്ന മേഖലയില്‍ വേറിട്ട പരീക്ഷണങ്ങള്‍ കാഴ്ചവെച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാകുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.

ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ ഇഡലി, ദോശ തുടങ്ങിയവ തയ്യാറാക്കുന്നതിനുള്ള പൊടികളും മാവുമാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുന്നത്. നിലവില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള ഇനങ്ങളാണ് ഇവ. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന്റെ തിരക്കിലാണ് കെ ടി ഡി സി. മെയ് മാസത്തില്‍ ഉത്പന്നങ്ങള്‍ വിപണിയിലെ ത്തിക്കാനാകുമെന്ന പ്രതീക്ഷിലാണിവര്‍.
സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങളുടെ നിര്‍മാണ യൂനിറ്റുകളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ശുചിത്വം ഉറപ്പാക്കുന്നതും ആരോഗ്യദായകവുമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കെ ടി ഡി സി തീരുമാനിച്ചത്. മിക്ക നിര്‍മാണ യൂനിറ്റുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പല സ്ഥലങ്ങളിലും ദിവസങ്ങളായി വെള്ളത്തില്‍ കുതിര്‍ത്തുവെച്ച അരിയും ഉഴുന്നുമാണ് അരച്ച് പാക്കറ്റുകളിലാക്കുന്നത്. ഇതിനുപയോഗിക്കുന്ന യന്ത്രസാമഗ്രികളും ശുചീകരിക്കാതെ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
വളരെ ശുചിയായ രീതിയില്‍ നാല് പാളികളുള്ള പാക്കറ്റുകളില്‍ ഉള്ളടക്കം ചെയ്താണ് കെ ടി ഡി സി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ സ്വാദിഷ്ടവും ആരോഗ്യദായകവുമായിരിക്കുമെന്ന് കെ ടി ഡി സി അധികൃതര്‍ ഉറപ്പുനല്‍കുന്നു. വളരെകാലം കേുപാടുകള്‍ കൂടാതെ സൂക്ഷിക്കാനാകും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഭക്ഷ്യസുരക്ഷാ നിയമം പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്ന സ്ഥാപനമെന്ന പ്രത്യേകതയും കെ ടി ഡി സിക്കുണ്ട്. ഇത് വിപണിയില്‍ കൂടുതല്‍ വിശ്വാസ്യത നേടിത്തരാന്‍ സഹായകമാകുമെന്നാണ് അധികൃതരുടെ വിശ്വാസം.
കെ ടി ഡി സി ഹോട്ടലുകള്‍, മാസ്‌കറ്റ് ഹോട്ടല്‍ എന്നിവിടങ്ങളിലും തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള കെ ടി ഡി സി ഔട്ട്‌ലെറ്റുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാകും. ഇതിനു പുറമെ ശീതികരണ സൗകര്യമുള്ള വാഹനത്തില്‍ തിരുവനന്തപുരം മുതല്‍ കൊല്ലം, കായംകുളം, കൊച്ചി, മൂന്നാര്‍, തേക്കടി, കോട്ടയം, കുമരകം എന്നിവിങ്ങളില്‍ വില്‍പ്പന നടത്താനും പദ്ധതി യുണ്ട്. തലസ്ഥാന നഗരത്തില്‍ മാസ്‌കറ്റ് ഹോട്ടല്‍, ചൈത്രം ഹോട്ടല്‍, വേളി ടൂറിസ്റ്റ് വില്ലേജ്, മ്യൂസിയം, കഴക്കൂട്ടം, മറ്റ് കെ ടി ഡി സി ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാക്കും.
അടുത്തിടെ കെ ടി ഡി സി ആരംഭിച്ച ബേക്കറി വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഉപഭാക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉത്പന്നങ്ങളെക്കുറിച്ച് ലഭിക്കുന്നത്. ഇത് കൂടുതല്‍ മേഖലളില്‍ സാന്നിധ്യമറിയിക്കാന്‍ കെ ടി ഡി സിയെ പ്രേരിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.