ഭരണസ്തംഭനമില്ലെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു

Posted on: March 16, 2015 9:04 am | Last updated: November 4, 2015 at 7:37 pm
SHARE

chandy-sathasivamതിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗവര്‍ണറെ അറിയിച്ചു. ഭരണഘടനയുടെ 356 വകുപ്പ് ഉപയോഗിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. ഈ മാസം 31 നകം വോട്ട്ഓണ്‍ അക്കൗണ്ട് പാസ്സാക്കാനാകുമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി. ബജറ്റ് സമ്മേളനത്തിനിടെ നിയമമസഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണറെ അറിയിച്ചു.
ബജറ്റിന്റെ നിയമസാധുതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വിശദീകരണവുമായി മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുന്നതിനൊപ്പം സഭയില്‍ നടന്നത് ആസൂത്രിത അക്രമങ്ങളും പ്രതിഷേധരീതികളുമാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു. കഴിഞ്ഞ 13ന് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഒരു കാരണവശാലും ഭരണ പ്രതിസന്ധിയുണ്ടാകില്ല. നിശ്ചിത സമയത്ത് വോട്ടഓണ്‍ അക്കൗണ്ടും ധനാഭ്യര്‍ഥനാബില്ലും പാസ്സാക്കും.
തുടര്‍ന്ന് മുഖ്യമന്ത്രി മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി എന്നിവരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. സഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരായ നടപടികളെ കുറിച്ച് ആലോചിക്കാനാണ് യോഗം ചേര്‍ന്നത്. സ്പീക്കറുടെ ഡയസ് കൈയേറ്റം ചെയ്ത പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു കൂട്ക്കാഴ്ച. അതേസമയം ഇന്ന് സഭ ചേരുന്നതിന് മുമ്പ് യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരും.