സ്ത്രീ വ്യവസായ യൂനിറ്റുകളുടെ അഞ്ച് ലക്ഷം വരെയുള്ള പലിശകള്‍ സര്‍ക്കാര്‍ വഹിക്കും

Posted on: March 14, 2015 5:15 am | Last updated: March 13, 2015 at 11:16 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീ തൊഴിലാളികള്‍ 50 ശതമാനത്തിലധികമുള്ളതും സ്ത്രീകളുടെ ഉടമസ്ഥതതയിലുള്ള വ്യവസായ യൂനിറ്റുകള്‍ ഷെഡ്യൂള്‍ഡ് ബേങ്കുകളില്‍നിന്നും എടുത്തിട്ടുള്ള അഞ്ച് ലക്ഷം രൂപ വരെ മൂന്നു വര്‍ഷത്തേക്കുള്ള പലിശ സര്‍ക്കാര്‍ വഹിക്കും. പത്ത് കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം 30,000ല്‍നിന്നും 50,000 രൂപയാക്കി വര്‍ധിപ്പിച്ചു. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 1000 രൂപയാക്കി.
വന്ധ്യതാ ചികിത്സ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് എസ് എ ടി ആശുപത്രിയുടെ മാതൃകയില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും ജനനി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസത്തിനായുള്ള നിര്‍ഭയയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തി. അധികമായി വേണ്ടിവരുന്ന തുക വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍നിന്നും സമാഹരിക്കും. അംഗനവാടി വര്‍ക്കര്‍മാരുടെയും സഹായികളുടെയും ഓണറേറിയത്തിന്റെ സംസ്ഥാന വിഹിതം പ്രതിമാസം 1400ല്‍നിന്ന് 2000 രൂപയായി ഉയര്‍ത്തും. പട്ടികജാതി ക്ഷേമത്തിനായി 1636.12 കോടിയും പട്ടികവര്‍ഗ ക്ഷേമത്തിനായി 630.62 കോടി രൂപയുമാണ് ബജറ്റ് വകയിരുത്തിയിരിക്കുന്നത്.
ആറളം പുനരധിവാസ മേഖലയിലും അട്ടപ്പാടി ആദിവാസി മേഖലയിലും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി.
പട്ടികജാതി വിഭാഗത്തിലെ ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും നവീകരിക്കുന്നതിനുമായി 180 കോടി രൂപ വകയിരുത്തി. ഭൂരഹിതരമായ പട്ടികജാതിക്കാര്‍ക്ക് ഭവന നിര്‍മാണത്തിന് ഭൂമി വാങ്ങുന്നതിന് 150 കോടി രൂപ വകയിരുത്തി. ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസം നല്‍കുന്നതിന് ഗുരുകുലം പദ്ധതിക്കായി ഒരുകോടി രൂപ വകയിരുത്തി.