യുവസംരംഭകര്‍ക്ക് ദിശാബോധം നല്‍കി ബജറ്റ്‌

Posted on: March 14, 2015 5:14 am | Last updated: March 13, 2015 at 11:15 pm
SHARE

കൊച്ചി: കേരളത്തിലെ സംരംഭകത്വ സംസ്‌കാരവും നിക്ഷേപാന്തരീക്ഷവും പുനര്‍നിര്‍വചിക്കുന്നതിന് ഉപയുക്തമാകും വിധം യുവ സംരംഭകരെ പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തല്‍. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ബേങ്കുകളുടെയും സഹായത്തോടെ നടപ്പാക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സമഗ്രമായ ദിശാബോധം നല്‍കുന്നതിനായി കോംപ്രിഹെന്‍സീവ് മിഷന്‍ ഓണ്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ (മെഗ) എന്ന പേരില്‍ പദ്ധതി തുടങ്ങുന്നതിന് 25 കോടി രൂപയും ആയിരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് ധനസഹായം ലഭ്യമാക്കുന്നതിന് 12 കോടി രൂപയുമാണ് ബജറ്റില്‍ അനുവദിച്ചത്. ഇത് സംസ്ഥാനത്ത് വന്‍തോതിലുള്ള സംരംഭകത്വ മുന്നേറ്റത്തിന് കാരണമാകുമെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.
കേരളത്തിലെ മുന്‍നിര ഇന്‍കുബേറ്ററുകളായ ടെക്‌നോപാര്‍ക്ക് ടിബിഐയും സ്റ്റാര്‍ട്ടപ്പ് വില്ലേജും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അപേക്ഷകരുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വലിയ വര്‍ധന. ഈ പ്രശ്‌നത്തെ ബജറ്റ് വേണ്ട രീതിയില്‍ പരിഗണിച്ചിട്ടുണ്ട്. സര്‍വകലാശാലകളില്‍ ഇന്‍കുബേഷന്‍ സപ്പോര്‍ട്ട് സെന്ററുകള്‍ തുടങ്ങാനായി 11 കോടി രൂപ അനുവദിച്ചത് വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ ലോകം തുറന്ന് നല്‍കും. സംരംഭകത്വവികസനത്തിനായി കഴിഞ്ഞ വര്‍ഷം ആകെ നീക്കിവച്ചത് 43 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ അത് 200 കോടിയോളമായാണ് ഉയര്‍ത്തിയത് ഏറെ ആശ്വാസകരമാണ്. അടിസ്ഥാനസൗകര്യ വികസനത്തിലെ വിടവുനികത്താന്‍ 10 കോടി രൂപ മാറ്റിവച്ചത് ഈ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാന്‍ സഹായകമാകും. സ്റ്റാര്‍ട്ടപ്പുകളേയും സംസ്ഥാനത്തെ വിദ്യാര്‍ഥി സംരംഭകരേയും സഹായിക്കുന്നതിനായി ബജറ്റില്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ശ്രദ്ധേയമാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചീഫ് മെന്ററുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തിനു പുറത്ത് മികച്ച ശമ്പളത്തോടുകൂടി ജോലി തേടുന്നതിലുപരിയായി സ്വന്തം നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇത് യുവജനങ്ങളെ പ്രേരിപ്പിക്കും. വിദ്യാര്‍ഥി സംരംഭകര്‍ക്ക് ബേങ്ക് വായ്പ ലഭ്യമാക്കാന്‍ അഞ്ചുകോടി രൂപയാണ് മാറ്റിവച്ചത്. സംസ്ഥാനത്തെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള വായ്പാപരിധി 10 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്തിയതും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പെര്‍ഫോമന്‍സ് ലിങ്ക്ഡ് സപ്പോര്‍ട്ട് സ്‌കീമും ഇന്‍കുബേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടും സ്വാഗതാര്‍ഹമായ നീക്കങ്ങളാണ്. ധനസമാഹരണം ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകളും ഇന്‍കുബേറ്ററുകളും നേരിടുന്ന വിവിധ വെല്ലുവിളികളെ നേരിടാന്‍ ഈ നടപടികള്‍ സഹായികും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയില്‍ സംരംഭകത്വ പിന്തുണ പദ്ധതിയായി 40 കോടി രൂപയും യുവ സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കാന്‍ മൂലധന സഹായമായി ആറു കോടി രൂപയും സ്വയംതൊഴില്‍ പ്രോല്‍സാഹിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകളിലെ സര്‍ക്കാര്‍ ഇക്വിറ്റി 10 ശതമാനം വരെ ഉയര്‍ത്താന്‍ 50 കോടി രൂപയും ഐടിഐ സംരംഭത്വ പരിശീലന ഹബ്ബിനായി അഞ്ചു കോടി രൂപയും ഉള്‍പ്പെടെ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.