വിവാദ ഡോക്യുമെന്ററി നിരോധം പിന്‍വലിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി

Posted on: March 13, 2015 6:00 am | Last updated: March 13, 2015 at 12:34 am
SHARE

ന്യൂഡല്‍ഹി: വിവാദ ബി ബി സി ഡോക്യുമെന്ററിക്കെതിരായ നിരോധം ഉടനെ പിന്‍വലിക്കാനുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിരോധം പിന്‍വലിക്കണമെന്ന രണ്ട് പൊതുതാത്പര്യ ഹരജികള്‍ ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷനായ ബഞ്ചിന് മുമ്പാകെ മാറ്റി. അടുത്ത 18ന് ഇവ പരിഗണിക്കും. ജസ്റ്റിസുമാരായ ബി ഡി അഹ്മദ്, സഞ്ജീവ് സച്ച്‌ദേവ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് തീരുമാനം.
ഈ വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു. ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് ബഞ്ച് അഭിപ്രായപ്പെട്ടെങ്കിലും ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതിയുടെ അപ്പീല്‍ സുപ്രീം കോടതി പരിഗണനയിലിരിക്കുന്ന കാര്യം ബഞ്ച് ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ ഡോക്യമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍, ആദ്യം സുപ്രീം കോടതി പ്രതിയുടെ അപ്പീല്‍ തീരുമാനിക്കട്ടെ. നീതിന്യായ സംവിധാനവുമായി ഡോക്യുമെന്ററി വിഷയം തീരെ ബന്ധപ്പെടില്ല എന്നത് തെളിയിക്കേണ്ടതുണ്ട്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ ഉയര്‍ന്ന ബഞ്ചിന് വിടുകയാണ്. ഉത്തരവില്‍ പറയുന്നു.
യാതൊരു വിലക്കുകളുമില്ലാത്ത പൊതുസമൂഹത്തിന് കാണാന്‍ പറ്റിയതല്ല ഡോക്യുമെന്ററിയെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ കൈക്കൊണ്ടത്. ബലാത്സംഗ ഇരയെയും സ്ത്രീകളെയും സംബന്ധിച്ച് അപമാനകരമായ പല പരാമര്‍ശങ്ങളും ഡോക്യുമെന്ററിയിലുണ്ട്. സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഭരണഘടനയിലെ 19 ാം അനുച്ഛേദം അനുസരിച്ചുള്ള മൗലികാവശങ്ങളുടെ നഗ്നമായ ലംഘനമാണ് ഡോക്യുമെന്ററി നിരോധമെന്ന് പൊതുതാത്പര്യ ഹരജികളില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരം, വിവര- പ്രക്ഷേപണം എന്നീ മന്ത്രാലയങ്ങളുടെയും ഡല്‍ഹി പോലീസ് കമ്മീഷണറിന്റെയും നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുകേഷ് സിംഗ്, പ്രതികളുടെ അഭിഭാശഷകരായ എ പി സിംഗ്, എം എല്‍ ശര്‍മ എന്നിവരുടെ വിവാദ പരാമര്‍ശങ്ങളടങ്ങിയ ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി കഴിഞ്ഞ നാലിനാണ് ഡല്‍ഹി ഹൈക്കോടതി നിരോധിച്ചത്. പ്രതിയും അഭിഭാഷകരും ഇരയെയും പെണ്‍കുട്ടികളെയും സംബന്ധിച്ച് മോശം പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ബി ബി സിക്ക് വേണ്ടി ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്വിന്‍ ആണ് ഡോക്യുമെന്ററി നിര്‍മിച്ചത്. ഇത് സംപ്രേഷണം ചെയ്യരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളി, ബി ബി സി ഇത് ബ്രിട്ടനിലും അമേരിക്കയിലും സംപ്രേഷണം ചെയ്തിരുന്നു. യു ട്യൂബിലും പ്രചരിച്ചു.