ബംഗ്ലാദേശില്‍ ഫാക്ടറി തകര്‍ന്ന് നാല് മരണം; നൂറിലധികം പേര്‍ ഉള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്‌

Posted on: March 13, 2015 4:49 am | Last updated: March 12, 2015 at 11:49 pm
SHARE

ധാക്ക: ബംഗ്ലാദേശില്‍ സിമന്റ് ഫാക്ടറി തകര്‍ന്നു നാല് മരണം. ഫാക്ടറിക്കകത്ത് 100 പേര്‍ കുടുങ്ങിക്കിടക്കുന്നതായി ഭയക്കുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അപകടത്തില്‍ ബാക്കിയായ 40 ആളുകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ബംഗ്ലാദേശ് തലസ്ഥാന നഗരമായ ധാക്കയില്‍ നിന്ന് 335 കി.മീ തെക്കു പടിഞ്ഞാറുള്ള തുറമുഖ നഗരമായ മംഗോളയില്‍ സൈന്യത്തിന്റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് അപകടം. ഫാക്ടറിക്കകത്ത് ജോലിക്കാരുള്‍പ്പെടെ 150 പേരുണ്ടായിരിക്കെയായിരുന്നു അപകടമെന്ന് ഫാക്ടറിക്കടുത്ത് സ്ഥിതി ചെയ്യുന്ന മംഗോള തുറമുഖ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ബിലായത് ഹുസൈന്‍ പറഞ്ഞു. ദുരന്തത്തെ അതിജീവിച്ചവരെ കണ്ടെത്തുന്നതിന് പട്ടാളവും നാവികരും അഗ്നി ശമന സേനാംഗങ്ങള്‍ക്കൊപ്പം സഹായത്തിനെത്തിയെന്ന് മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ധാരാളം പേരുണ്ട്. രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാണെന്ന് ജില്ലാഭരണസമിതി വക്താവ് മുഹമ്മദ് അബ്ദുസ്സമദ് പറഞ്ഞു.
വളരെ ദുര്‍ബലമായ കെട്ടിട നിര്‍മാണ ചട്ടങ്ങളാണ് ബംഗ്ലാദേശില്‍ നിലവിലുള്ളത്. അതുതന്നെ വന്‍തോതില്‍ ലംഘിക്കപ്പെടുന്നു. 2013ല്‍ ചെറിയ ഫാക്ടറികളും കടകളും ഉള്‍ക്കൊള്ളുന്ന ഒരു കെട്ടിടം തകര്‍ന്ന് 1130 പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. മരണപ്പെട്ടവരില്‍ കൂടുതലും വസ്ത്ര തൊഴിലാളികളായിരുന്നു.