Connect with us

Ongoing News

LIVE: തലസ്ഥാനം സുരക്ഷാവലയത്തില്‍; മുള്‍മുനയില്‍ സഭ

Published

|

Last Updated

niyamasabaതിരുവനന്തപുരം: കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ട് നിയമസഭക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭം തുടങ്ങി. പ്രതിപക്ഷ എം എല്‍ എമാര്‍ നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുമ്പോള്‍ നിയമസഭയിലേക്ക് വരുന്ന വഴികളെല്ലാം എല്‍ ഡി എഫ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുകയാണ്. എന്നാല്‍,  രാവിലെ ഒമ്പത് മണിക്ക് കെ എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. സമരക്കാരെ നേരിടാന്‍ യുദ്ധസമാന സജ്ജീകരണങ്ങൊളൊരുക്കി പോലീസും ഇറങ്ങിയതോടെ കേരളം ആശങ്കയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലായി. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രിമാരെയും എം എല്‍ എമാരെയും സുരക്ഷിതമായി സഭയിലെത്തിക്കുമെന്ന് ഐ ജി മനോജ് എബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭാമന്ദിരത്തിന്റെ കവാടങ്ങളുടെ സുരക്ഷ പോലീസും നിയമസഭാ ഹാളിന്റെ നാല് വാതിലുകളുടെയും സുരക്ഷ വാച്ച് ആന്‍ഡ് വാര്‍ഡും ഏറ്റെടുത്തു. നിയമസഭാ ഹാളിനുള്ളില്‍ കുത്തിയിരുപ്പ് നടത്തുന്ന പ്രതിപക്ഷ എം എല്‍ എമാര്‍ സഭാവാതിലുകള്‍ അടച്ചുപൂട്ടുമെന്ന ആശങ്ക പരന്നതോടെയാണ് ഇവയുടെ നിയന്ത്രണം വാച്ച് ആന്‍ഡ് വാര്‍ഡ് ഏറ്റെടുത്തത്. പുറത്തുനിന്ന് സഭയിലേക്ക് വരുന്നത് ദുഷ്‌കരമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കെ എം മാണി ഇന്നലെ രാത്രി നിയമസഭാമന്ദിരത്തില്‍ തന്നെയാണ് കഴിഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും രാത്രി തന്നെ സഭയിലേക്കെത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സഭ വിട്ട് പോയില്ല.

ബാര്‍ കോഴ ആരോപണം ഉന്നയിച്ചുള്ള അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇരിപ്പുറപ്പിച്ചത്. മുദ്രാവാക്യം വിളികളുമായി സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതോടെ നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തീകരിച്ച് സഭ പിരിഞ്ഞെങ്കിലും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിയില്ല. ഇതോടെ ഭരണപക്ഷവും പ്രതിരോധത്തിനുള്ള കരുനീക്കം തുടങ്ങി. ഭരണപക്ഷത്തെ യുവ എം എല്‍ എമാരും നിയമസഭയില്‍ തന്നെ കഴിയുകയാണ്.

കെ എം മാണി സഭക്ക് പുറത്തേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചതോടെ ഇന്ന് നിയമസഭക്കുള്ളിലെ പ്രതിഷേധം ശക്തമാക്കാന്‍ എല്‍ ഡി എഫ് ഉപസമിതി യോഗം തീരുമാനിച്ചു. കെ എം മാണി സഭാഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ എം എല്‍ എമാര്‍ തടയുമെന്നാണ് വിവരം. മാണിയെ കടത്തി വിടാത്ത രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ സഭാമന്ദിരം സംഘര്‍ഷത്തിലേക്ക് നീങ്ങും. ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചാല്‍ രേഖകള്‍ വലിച്ചുകീറാനും ഇടയുണ്ട്. കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മേശപ്പുറത്ത് വെച്ചാല്‍ നിയമപരമായ നടപടിക്രമം പൂര്‍ത്തിയാകും. ഇതിനുള്ള ശ്രമമാണ് ഭരണപക്ഷം നടത്തുന്നത്.

നടുത്തളത്തില്‍ ഇരിക്കുന്ന പ്രതിപക്ഷ എം എല്‍ എമാര്‍ മാണിക്കെതിരെ മുദ്രാവാക്യം വിളികളും നാടകം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങളും അരങ്ങിലെത്തിച്ചു. ഏതുവിധേനയും ബജറ്റ് അവതരണത്തിന് മാണിയെ സഭയിലെത്തിക്കാന്‍ ഭരണപക്ഷവും സര്‍ക്കാറും ശക്തമായ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇന്നലെ മുതല്‍ തന്നെ കെ എം മാണി വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കനത്ത സുരക്ഷാവലയത്തിലാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിച്ചത്.

നാല് മന്ത്രിമാര്‍ക്കെതിരെ ഒരു ചാനലില്‍ വന്ന ആരോപണം കൂടി പരാമര്‍ശിച്ച് മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് കാണിച്ച് പ്രതിപക്ഷത്തെ പി തിലോത്തമന്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷം സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ സഭ നിര്‍ത്തിവെച്ച് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. സഭ വീണ്ടും ചേര്‍ന്നപ്പോഴൂം ബഹളത്തിലും മുദ്രാവാക്യത്തിലും മുഴങ്ങിയതോടെ ഉപധനാഭ്യര്‍ഥന ചര്‍ച്ച കൂടാതെ പാസ്സാക്കി സഭ ഇന്നലെ പിരിയുകയായിരുന്നു.

Latest