ധനമന്ത്രി മാണി ബജറ്റ് അവതരിപ്പിക്കരുത്: എല്‍ ഡി എഫ് സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും

Posted on: March 12, 2015 11:04 am | Last updated: March 12, 2015 at 11:04 am
SHARE

പാലക്കാട്: ബാറുകാരില്‍നിന്ന് കോഴവാങ്ങിയെന്ന് പ്രഥമദൃഷ്ട്യ കുറ്റക്കാരനെന്ന് കണ്ടെത്തിയ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കരുെതന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കും. നാളെ ജില്ലയിലെ 12 മണ്ഡലം കേന്ദ്രങ്ങളിലും അട്ടപ്പാടിയിലുമാണ് സമരം നടക്കുക. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി മണ്ഡലം കേന്ദ്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫീസ് ഉപരോധിക്കുന്നത്.
രാവിലെ മുതല്‍ തന്നെ ഉപരോധസമരം ആരംഭിക്കും. തരൂര്‍ മണ്ഡലത്തിലെ മംഗലം വില്ലേജ് ഓഫീസ് ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി ഐടിഡിപി ഓഫീസ് ഉപരോധം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്യും.
ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ചെര്‍പ്പുളശേരി സബ്ട്രഷറി ഉപരോധിക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പട്ടാമ്പി സബ്ട്രഷറി ഓഫീസ് ഉപരോധം ടി കെ നാരായണദാസും തൃത്താലയില്‍ കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധം പി മമ്മിക്കുട്ടിയും ഉദ്ഘാടനം ചെയ്യും.
മണ്ണാര്‍ക്കാട് പൊതുമരാമത്ത് ഓഫീസ് ഉപരോധം പി കെ ശശി ഉദ്ഘാടനം ചെയ്യും. കോങ്ങാട് വില്ലേജ് ഓഫീസ് ഉപരോധം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ഉണ്ണിയും പാലക്കാട് മണ്ഡലത്തില്‍ മാത്തൂര്‍ ചുങ്കമന്ദം വില്ലേജ് ഓഫീസ് ഉപരോധം എന്‍ എന്‍ കൃഷ്ണദാസും ഉദ്ഘാടനം ചെയ്യും.
നെന്മാറ മണ്ഡലത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധം ആര്‍ ചിന്നക്കുട്ടനും മലമ്പുഴയില്‍ പുതുശേരി വില്ലേജ് ഓഫീസ് ഉപരോധം എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണിയും ഉദ്ഘാടനം ചെയ്യും. ഒറ്റപ്പാലം മണ്ഡലത്തില്‍ ശ്രീകൃഷ്ണപുരം സബ്ട്രഷറി ഉപരോധം സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരോഷ്‌രാജും ആലത്തൂര്‍ മണ്ഡലത്തില്‍ കുഴല്‍മന്ദം എഇഒ ഓഫീസ് ഉപരോധം ജോസ്‌ബേബിയും ഉദ്ഘാടനം ചെയ്യും.