ബജറ്റ് അവതരിപ്പിക്കാന്‍ ഉറച്ച് മാണി; തടയാന്‍ സജ്ജരായി പ്രതിപക്ഷവും

Posted on: March 11, 2015 6:00 am | Last updated: March 10, 2015 at 11:01 pm
SHARE

തിരുവനന്തപുരം: ധനമന്ത്രിയായ മാണി തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്ന് സര്‍ക്കാരും ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും നിലപാട് കടുപ്പിക്കുമ്പോള്‍ മറ്റന്നാളത്തെ ബജറ്റ് അവതരണം നിയമസഭക്കത്തും പുറത്തും കലുഷിതമായ രംഗങ്ങള്‍ സൃഷ്ടിക്കും. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് സഭയില്‍ സര്‍ക്കാരും യു ഡി എഫ് മുന്നണി യോഗവും പ്രഖ്യാപിച്ചതിന് പിന്നാലെ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ ഡി എഫും രംഗത്തു വന്നു. മാണിക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി. ബജറ്റവതരണ ദിവസമായ 13ന് പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ വിന്യസിച്ച് നിയമസഭയിലേക്കുള്ള എല്ലാ വഴികളും തടയും. ബജറ്റ് അവതരിപ്പിക്കാനായി എത്തുന്ന മാണിയെ വഴിയില്‍ തടയാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിഷേധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് പ്രാദേശിക തലത്തില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
നിയമസഭക്കു മുമ്പിലേക്ക് പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധ പ്രതിരോധത്തിന് പുറമെ ആ ദിവസം തന്നെ തലസ്ഥാന ജില്ല ഒഴിച്ച് മറ്റ് ജില്ലകളില്‍ അസംബ്ലി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഓഫീസ് രാവിലെ മുതല്‍ ഉപരോധിക്കാനും എല്‍ ഡി എഫ് തീരുമാനിച്ചിട്ടുണ്ട്.